തവനൂരിലെ അസാപ് സാമൂഹിക നൈപുണ്യ പാര്‍ക്ക് ഉദ്ഘാടനത്തിനൊരുങ്ങി

തവനൂര്‍ : അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികളുടെ തൊഴില്‍സാധ്യത വര്‍ധിപ്പിക്കുന്നതിനായി അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്ത തവനൂരിലെ സാമൂഹിക നൈപുണ്യ പാര്‍ക്ക് മെയ് അഞ്ചിന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കെ.ടി. ജലീല്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

അസാപ് കേരള ഹെഡ് സി.എസ്.പി ഇ.വി. സജിത് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി വിശിഷ്ടാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍, അസാപ് കേരള ചെയര്‍പേഴ്സണ്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ഉഷ ടൈറ്റസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും.

കുറ്റിപ്പുറം-പൊന്നാനി ദേശീയപാതയില്‍ കൂരടയിലുള്ള 1.5 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അസാപ് പൂര്‍ത്തീകരിച്ചു വരുന്ന രണ്ടാംഘട്ട കമ്മ്യൂണിറ്റി പാര്‍ക്കുകളില്‍ അഞ്ചാമത്തെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് തവനൂരിലേത്. യുവതലമുറയ്ക്ക് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലൂടെ മികച്ച തൊഴില്‍ പരിശീലനവും തൊഴിലും ലഭ്യമാക്കുകയുമാണ് ലക്ഷ്യം. 17.3 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

മൂന്നു നിലകളിലായി 27,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള പദ്ധതിയുടെ പ്രധാന കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത് നൂതനമായ ഫാബ് ടെക്നോളജിയിലാണ്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും ലാബുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ ദേശീയ-അന്തര്‍ദേശീയ നിലവാരമുള്ള കോഴ്‌സുകളില്‍ പരിശീലനം ലഭിക്കും.

error: Content is protected !!