പെരിന്തൽമണ്ണ: കടമായി വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടതിന്റെ വിരോധത്തിൽ വയോധികയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 44-കാരി അറസ്റ്റിൽ.
എരവിമംഗലം വീട്ടിക്കൽത്തൊടി പ്രമീള(44)യെയാണ് പെരിന്തൽമണ്ണ എസ്.ഐ. സി.കെ. നൗഷാദ് അറസ്റ്റുചെയ്തത്.
എരവിമംഗലം പോത്തുകാട്ടിൽ മറിയംബീവി(62)യെയാണ് കിണറ്റിൽ തള്ളിയിട്ടത്. ശനിയാഴ്ച രാവിലെ ഏഴരയോടെ എരവിമംഗലം മുത്തനാപറമ്പിലാണ് സംഭവം. ഇവരെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. വീടു നന്നാക്കുന്നതിനും മറ്റുമായി ഒന്നരലക്ഷം രൂപയോളം മറിയം ബീവിയിൽനിന്ന് പ്രമീള കടംവാങ്ങിയിരുന്നു.
പണം തിരികെ ചോദിക്കുമ്പോൾ നൽകാമെന്നു പറഞ്ഞു നീട്ടിക്കൊണ്ടുപോയി. ശനിയാഴ്ച രാവിലെ പ്രമീളയ്ക്ക് പണം തരാനുള്ള ഒരാൾ വരുമെന്നും മുത്തനാപറമ്പിലേക്ക് വരുവാനും മറിയംബീവിയോട് ആവശ്യപ്പെട്ടു. തുടർന്ന് പണം നൽകുന്നയാൾ കിണറിനടുത്തുണ്ടെന്ന് പറഞ്ഞ് അങ്ങോട്ടെത്തിച്ചു.
കിണറിനടുത്തെത്തിയപ്പോൾ മുന്നിൽ നടക്കുകയായിരുന്ന മറിയംബീവിയെ തള്ളിയിടുകയായിരുന്നെന്ന് പോലീസ് പറയുന്നു.
മൺവെട്ടിയെടുത്ത് കയർമുറിക്കാനും പ്രതി ശ്രമിച്ചതായി പോലീസ് പറഞ്ഞു. അപ്പോഴേക്കും സമീപവാസികളെത്തി. പെരിന്തൽമണ്ണയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി മറിയംബീവിയെ രക്ഷിച്ച് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അബദ്ധത്തിൽ കിണറിലേക്ക് വീണതാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ പ്രമീള ശ്രമിച്ചെങ്കിലും ആശുപത്രി വിട്ട മറിയംബീവിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയായിരുന്നു.