തിരൂരങ്ങാടി വില്ലേജ് ഓഫീസ് ഭൂമി സ്വകാര്യ കെട്ടിടത്തിന് വഴിയുണ്ടാക്കാൻ ലീസിന് നൽകാൻ ശ്രമം

എല്ലാ പാർട്ടിക്കാരും മൗനത്തിൽ

തിരൂരങ്ങാടി : തിരൂരങ്ങാടി വില്ലേജ് ഓഫീസിന്റെ സ്ഥലം സ്വകാര്യ കെട്ടിടത്തിന് വഴിയൊരുക്കാൻ ലീസിന് നൽകാൻ ശ്രമമെന്ന് ആരോപണം.
നിന്ന് തിരിയാൻ ഇടമില്ലാതെ പ്രയാസപ്പെടുന്ന വില്ലേജ് ഓഫീസിന്റെ ആകെയുള്ള 5 സെന്റ് സ്ഥലത്ത് നിന്നാണ് പിറകിലെ കെട്ടിടത്തിന് വഴിയൊരുക്കാൻ സ്ഥലം ലീസിന് നൽകുന്നത്. ഭരണ കക്ഷിയിലെ ചില നേതാക്കളുടെ സഹായത്തോടെയാണ് ലീസിനുള്ള നീക്കം നടക്കുന്നത്.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/HDqZXfALO3l0U1jILUvNnL

തിരൂരങ്ങാടി വില്ലേജ് ഓഫീസിലെ അഞ്ച് സ്റ്റാഫുകൾക്കും, വിവിധ ആവശ്യങ്ങൾക്കായി വരുന്ന പൊതുജനങ്ങൾക്കും നിന്ന് തിരിയാനോ നിൽക്കാനോ സൗകര്യമില്ലാത്ത വിധം വീർപ്പ് മുട്ടുകയാണ്. ഇത്തരത്തിൽ ഇടുങ്ങിയ അസൗകര്യങ്ങളിൽ ദുരിതമനുഭവിക്കുന്ന തിരൂരങ്ങാടി വില്ലേജ് ഓഫീസിന്റെ സ്ഥലമാണ് ലീസിന് നൽകുന്നത്. ഓഫീസിൽ വരുന്ന പൊതുജനങ്ങൾക്ക് ഇരിക്കാനും നിൽക്കാനും സൗകര്യപ്പെടുന്ന രീതിയിൽ പ്രവൃത്തികൾ നടത്താൻ പദ്ധതി ഒരുക്കിയിരുന്നു. നിലവിൽ ചെറിയ ഇടുങ്ങിയ സ്ഥലം മാത്രമാണ് പൊതിജനങ്ങൾക്കുള്ളത്. ഇവിടെ മൂന്നോ നാലോ പേർക്ക് നിൽക്കാനുള്ള സൗകര്യമേ ഉള്ളൂ. ബാക്കിയുള്ളവർ പുറത്ത് റോഡരികിൽ കാത്തു നിൽക്കണം. മഴയയാലും വെയിലയാലും ഇത് മുഴുവൻ കൊള്ളേണ്ടി വരും. ഇത് പരിഹരിക്കുന്നതിനായാണ്, വിലേജ് ഓഫീസിന്റെ മുഖ ഭാഗം കിഴക്ക് ഭാഗത്തേക്ക് മാറ്റി അവിടെ ആളുകൾക്ക് നിൽക്കാനും ഇരിപ്പിടം ഒരുക്കാനും പദ്ധതി തയ്യാറാക്കിയത്. അതിന്റെ നടപടികൾ തുടരുന്നതിനിടെയാണ് ഭരണകക്ഷി നേതാക്കളെ സ്വാധീനിച്ച് സ്വകാര്യ വ്യക്തി സ്വന്തം കെട്ടിടത്തിലേക്ക് വഴിയൊരുക്കാൻ സ്ഥലം തരപ്പെടുത്തിയെടുക്കുന്നത്. ഈ കെട്ടിട നിർമ്മാണം തന്നെ അനധികൃതമാണെന്ന് പരാതി ഉയർന്നിരുന്നു. വഴിയില്ലാത്ത സ്ഥലത്ത് ഇത്തരം ബഹുനില കെട്ടിടം നിർമ്മിച്ചത് വില്ലേജ് ഓഫീസിന്റെ സ്ഥലം സ്വന്തം സ്ഥലമായി കാണിച്ചാണ് നിർമ്മാണ അനുമതി കാണിച്ചതെന്ന് പരാതി ഉയർന്നിരുന്നു. ലീസിന് കിട്ടാൻ വർഷങ്ങൾക്ക് മുമ്പേ ശ്രമം നടത്തിയിരുന്നെങ്കിലും അന്നത്തെ കലക്ടര്മാരായ കെ.ബിജു, വെങ്കിടാചലം എന്നിവർ ഇതിന് തടയിട്ടതാണ്. വെങ്കിടാചലം കലക്ടർ ആയപ്പോൾ ഈ ഫയൽ ക്ലോസ് ചെയ്തതായിരുന്നു.

ഭരണകക്ഷിയിലെ നേതാക്കന്മാരെ സ്വാധീനിച്ച് ഇപ്പോൾ വില്ലേജ് ഓഫീസിന്റെ ഭൂമി തരപ്പെടുത്തിയിരിക്കുകയാണ്. സർക്കാർ ഓഫീസിന് സൗകര്യമൊരുക്കാതെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് സ്ഥലം വിട്ടു കൊടുക്കുന്നതിൽ ഇവിടത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും മൗനം പാലിക്കുകയാണ്. ഇവിടെ അസൗകര്യമാണെന്ന പറഞ്ഞു വില്ലേജ് ഓഫീസ് പഴയ താലൂക്ക് ഓഫീസിന് സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമമാണ് പാർട്ടിക്കാർ നടത്തുന്നത്. സ്വന്തം സ്ഥലം ഉപയോഗപ്പെടുത്താതെ മാറ്റാൻ ശ്രമിക്കുന്നത് സ്വകാര്യ ഉടമയിൽ നിന്നുള്ള ലാഭം പ്രതീക്ഷിച്ചാണെന്നാണ് ആരോപണം. ജില്ലയിലെ ഏറ്റവും വിസ്തീര്ണമെറിയ വില്ലേജ് എന്നതിനൊപ്പം ഏറ്റവും ചെറിയ വില്ലേജ് ഓഫീസ് എന്ന ഖ്യാതിയും തിരൂരങ്ങാടി ക്കുണ്ട്. അതിനിടെ, ലീസിന് കൊടുക്കാനുള്ള നടപടിയിൽ ഇടപെടാത്തത്തിൽ സി പി എമ്മിൽ പ്രതിഷേധം പുകയുന്നുണ്ട്. ലോക്കൽ കമ്മിറ്റി നേതാക്കൾ മൗന സമ്മതം നൽകിയതായി ഇവർ ആക്ഷേപം ഉന്നയിക്കുന്നു. ഇതിനിടെ, സിപിഎം ചെമ്മാട്, സി കെ നഗർ, കിസാൻ കേന്ദ്രം ബ്രാഞ്ച് കമ്മറ്റികളുടെ പേരിൽ സ്ഥലത്ത് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

error: Content is protected !!