Sunday, August 17

ഇന്ന് നോവൽ പ്രകാശനം ചെയ്യാനിരിക്കെ ഗ്രന്ഥകാരൻ ഗഫൂർ അറയ്ക്കൽ അന്തരിച്ചു

കോഴിക്കോട് : ഇന്ന് വൈകിട്ട് 5 ന് നോവൽ പ്രകാശനം ചെയ്യാനിരിക്കെ എഴുത്തുകാരൻ ഗഫൂർ അറയ്ക്കൽ (54) അന്തരിച്ചു. മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന, പുതിയ നോവൽ  ‘ദ കോയ’ വൈകീട്ട് പ്രകാശനം ചെയ്യാനിരിക്കെയാണ് മരണം. കവി, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്‌കാരിക പ്രവർത്തകൻ എന്ന നിലകളിൽ ശ്രദ്ധേയനാണ്. ഏറെ കാലമായി അർബുദ രോഗിയായിരുന്നു. രോഗത്തിനിടെയായിരുന്നു പുസ്തക രചന. കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെയാണ് ഇന്ന് മരണം. മരണത്തെ തുടർന്ന് പുസ്തക പ്രകാശനം മാറ്റി വെച്ചു.

ഫറോക്കിനടുത്ത് പേട്ടയിലാണ് ജനനം. ഫാറൂഖ് കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദവും ബി.എഡും പാസായി. ചേളാരിയിൽ പാരലൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നതിനിടെ എഴുത്തിൽ സജീവമായി. ചെമ്മാട് ബ്രൈൻസ് കോളേജിൽ അധ്യാപകനായിരുന്നു. ചേളാരി പൂതേരിവളപ്പിൽ ചെമ്പരത്തിയിലാണ് താമസം. ഫാറൂഖ് കോളേജ് പഠനകാലത്തു തന്നെ എഴുത്തിൽ ശ്രദ്ധിക്കപ്പെട്ടു. നിദ്ര നഷ്ടപ്പെട്ട സൂര്യൻ’, അമീബ ഇരപിടിക്കുന്നതെങ്ങിനെ എന്ന രണ്ട് കവിതാസമാഹാരങ്ങൾ വിദ്യാർഥിയായിരിക്കെ പുറത്തിറക്കി.

ഒരു ഭൂതത്തിന്റെ ഭാവിജീവിതം, അരപ്പിരിലൂസായ കാറ്റാടിയന്ത്രം, ഹോർത്തൂസുകളുടെ ചോമി, രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി എന്നീ നോവലുകൾ രചിച്ചു.  നക്ഷത്രജന്മം, മത്സ്യഗന്ധികളുടെ നാട് എന്നിവയാണ് ബാലസാഹിത്യ കൃതികൾ. ‘ലുക്ക ചുപ്പി ‘സിനിമയ്ക്ക് തിരക്കഥയെഴുതി. ഭാര്യ: ആശാകൃഷ്ണ (അധ്യാപിക). സംസ്കാരം ഇന്ന് 6 മണിക്ക്.

error: Content is protected !!