
ദുര്‍ഗ് : ഛത്തീസ്ഗഡില്‍ മനുഷ്യകടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. രണ്ട് കന്യാസ്ത്രീകളും ദുര്‍ഗിലെ സെന്‍ട്രല്‍ ജയിലില്‍ തുടരും. സെഷന്‍ കോര്‍ട്ടിലേക്കാണ് ഇനി ജാമ്യാപേക്ഷ സംബന്ധിച്ച നടപടികള്‍ എത്തുന്നത്. അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി ഒന്നാം പ്രതിയും കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് രണ്ടാം പ്രതിയുമാണ്. സുഖ്മാന്‍ മണ്ഡാവി എന്നയാളാണ് മൂന്നാം പ്രതി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗിൽ വെച്ച് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ തടഞ്ഞു വച്ചത്. കന്യാസ്ത്രീകൾക്ക് എതിരെ പോലീസ് ചുമത്തിയത് ഗുരുതര വകുപ്പുകളാണ്. മനുഷ്യക്കടത്തും, നിർബന്ധിത മത പരിവർത്തനവും അടക്കം 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ തയ്യാറാക്കിയത്.