തിരൂരങ്ങാടി സഹകരണ ബാങ്കില്‍ കളക്ഷന്‍ ഏജന്റ് തട്ടിപ്പ് നടത്തിയത് 64 ലക്ഷത്തോളം രൂപ. ഇടപാടുകാരില്‍ നിന്ന് പണം വാങ്ങിയ ശേഷം ബാങ്കില്‍ അടക്കാതെയായിരുന്നു തട്ടിപ്പ് നടത്തിയത്. ആളുകളില്‍ നിന്ന് പണം വാങ്ങുമ്പോള്‍ അവരുടെ ബുക്കില്‍ തുക രേഖപ്പെടുത്തിയിരുന്നെങ്കിലും ബാങ്കില്‍ പണം അടച്ചിരുന്നില്ല. ദീര്‍ഘകാലമായി പണം എടുക്കാതെ ബാങ്കില്‍ തന്നെ വച്ചവരുടെ തുകയാണ് കൂടുതല്‍ നഷ്ടപ്പെട്ടതെന്നാണ് അറിയുന്നത്.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ… https://chat.whatsapp.com/HjIezOzQ5qlHzkErrCmArF
ഇടക്ക് പണം ആവശ്യമായി വരുന്നവര്‍ക്ക് അവരെ ബാങ്കിലെത്തിക്കാതെ തന്നെ പണം നല്‍കിയിരുന്നു. ഇക്കാരണത്താല്‍ അക്കൗണ്ടില്‍ പണം ഇല്ലാത്തത് ആളുകള്‍ അറിഞ്ഞിരുന്നില്ല.
ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. നിത്യപിരിവുകാരില്‍ നിന്ന് പാസ് ബുക്ക് റാന്‍ഡം പരിശോധനയുടെ ഭാഗമായി നിശ്ചിത എണ്ണം പാസ് ബുക്ക് പരിശോധനയ്ക്ക് കൊണ്ടു വരാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യപ്പെട്ടതില്‍ പകുതിയോളം കൊണ്ടു വന്നെങ്കിലും മറ്റു ബുക്കുകള്‍ കൊണ്ടു വരാതെ ഒഴിഞ്ഞുമാറി. ഇതേ തുടര്‍ന്ന് ബാങ്ക് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസ്സിലായത്. ഇതോടെ സര്‍ഫാസിനെ കാണാതാകുകയായിരുന്നു. 64 ലക്ഷം രൂപയുടെ ക്രത്രിമം കാണിച്ചതായി കാണിച്ച് ബാങ്ക് ഭരണസമിതി തിരൂരങ്ങാടി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു. ഇയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
അതേ സമയം ഇടപാടുകാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ബാങ്ക് ഭരണ സമിതി അറിയിച്ചു. ബാങ്കിനേയും ഇടപാടുകാരെയും കബളിപ്പിച്ചാണ് സര്‍ഫാസിനെ കാണാതായിരിക്കുന്നത്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ല. നിത്യപിരിവിലെ ഇടപാടുകാരുടെ അക്കൗണ്ടുകള്‍ ബാങ്ക് പരിശോധിച്ചു വരികയാണ്. ഇടപാടുകാര്‍ നിക്ഷേപിച്ച തുകയുടെ ഉത്തരവാദിത്വവും സുരക്ഷിതത്വവും ബാങ്കിനുണ്ട്. യഥാസമയം തിരിച്ചു നല്‍കുമെന്നും ഭരണസമിതി അറിയിച്ചു. തുക തിരിച്ച് കിട്ടാനുള്ള നിയമനടപടികളുമായി ബാങ്ക് മുന്നോട്ട് പോകുകയാണെന്നും ഭരണസമിതി അറിയിച്ചു.