കയറും മുമ്പേ മുന്നോട്ടെടുത്തു, വിദ്യാർത്ഥിനി ബസ്സിൽ നിന്ന് തെറിച്ചു വീണു

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്മെന്റ് സ്കൂളിലെ വിദ്യാർത്ഥിനി ബസ്സിൽ നിന്നും തെറിച്ചുവീണു.
വിദ്യാർഥി ബസിൽ കയറി കഴിയുന്നതിനു മുമ്പ് തന്നെ ബസ്സ് മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണം. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു സംഭവം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് തിരൂരങ്ങാടിയിൽ വിദ്യാർഥികളെ കയറ്റാതെ ബസ്സ് മുന്നോട്ട് എടുക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നിട്ടും ബസ് ജീവനക്കാർക്കെതിരെ കാര്യമായി നടപടിയെടുക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. മുൻപ് തൃക്കുളം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ചെമ്മാട് നിന്ന് ബസിൽ കയറുമ്പോൾ ഇത്തരത്തിൽ മുമ്പോട്ട് എടുത്തത് കാരണം ബസിൻ്റ പിൻചക്രം കയറി ഒരു വിദ്യാർഥിനി മരിച്ചിരുന്നു. തിരൂരങ്ങാടി മേഖലയിൽ ഇത്തരത്തിൽ ചില ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് കാണിക്കുന്ന തുടരെയുള്ള അവഗണനയ്ക്കെതിരെ മോട്ടോർ വാഹന ഉദ്യോഗസ്ഥർ കാര്യമായി നടപടിയെടുക്കാത്തതിനെതിരെ വ്യാപകമായ പ്രതിഷേധം ശക്തമായിട്ടുണ്ട്. സ്റ്റോപ്പിൽ നിർത്താതെ പോയ ബസിനെതിരെയും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കാര്യമായ നടപടി എടുത്തിരുന്നില്ല. ഇത് മുതലെടുത്താണ് ബസ് ജീവനക്കാർ വിദ്യാർത്ഥികളോടുള്ള അവഗണന തുടരുന്നത് എന്നാണ് വിദ്യാർഥികളുടെ ആരോപണം. തെറിച്ചു വീണ
വിദ്യാർഥിനി പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

error: Content is protected !!