Saturday, July 5

അമ്മ മരിച്ച ആശുപത്രിയില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ട് : ബിന്ദുവിന്റെ മകന്‍ നവനീത് : സ്ഥിരം ജോലി ഉറപ്പാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍

കോട്ടയം: അമ്മ മരിച്ച ആശുപത്രിയില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് ബിന്ദുവിന്റെ മകന്‍ നവനീത് അറിയിച്ചുവെന്ന് സിപിഎം നേതാവ് വൈക്കം വിശ്വന്‍. നവനീതിന് സ്ഥിരം ജോലി ഉറപ്പാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. ബിന്ദുവിന്റെ മകന് സ്ഥിരം ജോലി അനുവദിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇന്നലെ മന്ത്രി വിഎന്‍ വാസവന്‍ പ്രഖ്യാപിച്ച താത്കാലിക ജോലി വേണ്ടെന്ന് കുടുംബം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നവനീതിന് താല്‍ക്കാലിക ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മകന്‍ പഠിച്ചതുമായി ബന്ധപ്പെട്ട ജോലി ലഭിച്ചാല്‍ നന്നായിരിക്കുമെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനും പ്രതികരിച്ചു. മകളുടെ ശസ്ത്രക്രിയയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കെട്ടിടം തകര്‍ന്നു വീണ് ബിന്ദു മരിച്ചത്.

സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സഹായം കൊണ്ട് തോരുന്നതല്ല ബിന്ദുവിന്റെ കുടുംബത്തിന്റെ കണ്ണീരെങ്കിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ അത്രയെങ്കിലും ആയല്ലോ എന്ന ആശ്വാസം കുടുംബത്തിനുണ്ട്. പക്ഷേ അമ്മയുടെ ജീവനെടുത്ത മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താത്കാലിക ജോലിയില്‍ നവനീതിന് താല്പര്യമില്ല. ഇക്കാര്യം വൈക്കം വിശ്വന്‍ അടക്കമുള്ള സിപിഎം നേതാക്കളെ വിശ്രുതന്‍ അറിയിക്കുകയായിരുന്നു.

മന്ത്രി വീണാ ജോര്‍ജ് ഇന്ന് കുടുംബത്തെ കാണാന്‍ എത്തില്ലെന്ന് വീട്ടിലെത്തിയ സിപിഎം നേതാക്കള്‍ പറഞ്ഞു. അതേസമയം, തുടര്‍ ചികിത്സയ്ക്കായി നവമിയെ തിങ്കളാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. കുടുംബത്തിനുള്ള നഷ്ടപരിഹാരം എങ്ങനെ വേണമെന്ന കളക്ടറുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നഷ്ടപരിഹാരം എത്ര വേണമെന്ന തീരുമാനം എടുക്കുക.

error: Content is protected !!