മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് : കെ.സുരേന്ദ്രനടക്കം എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി

Copy LinkWhatsAppFacebookTelegramMessengerShare

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനടക്കം എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. സുരേന്ദ്രന്‍ ഉള്‍പ്പെടെ 6 പ്രതികളുടേയും വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് കെട്ടിച്ചമച്ചതാണെന്നും പൊലീസിന്റെ അന്തിമറിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കില്ലെന്നുമുള്ള സുരേന്ദ്രന്റെ വാദം അംഗീകരിച്ചത്. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറുപേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരുന്നത്. നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചതിനാല്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതില്‍ ഹാജരായിരുന്നു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചതായാണു കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്. കെ.സുന്ദരയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ ശേഷം 2.5 ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴ നല്‍കി നാമ നിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചു എന്നായിരുന്നു കേസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനായിരുന്നു കേസിലെ ഒന്നാം പ്രതി. ബിജെപി ജില്ലാ സെക്രട്ടറി കെ മണികണ്ഠ റൈ രണ്ടും സുരേഷ് നായ്ക്ക് മൂന്നും പ്രതികളായിരുന്നു. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായ്ക്കായിരുന്നു നാലാം പ്രതി. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണ ഷെട്ടി, ലോകേഷ് നോണ്ട എന്നിവര്‍ അഞ്ചും ആറും പ്രതികളായിരുന്നു.

ആസൂത്രിതമായി കെട്ടിച്ചമച്ച കേസാണെന്ന് കെ.സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫിനായി മത്സരിച്ച സ്ഥാനാര്‍ഥി കൊടുത്ത കേസാണിത്. പിന്നീട് സുന്ദര കേസില്‍ കക്ഷി ചേരുകയായിരുന്നു. വലിയ ഗൂഢാലോചന നടന്നു. സിപിഎം, കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ ഗൂഢാലോചനയില്‍ പങ്കാളികളാണ്. തന്നെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനും ബിജെപിയെ താറടിക്കാനുമാണ് ഗൂഢാലോചന നടത്തിയത്. ഇതെല്ലാം കോടതിക്ക് ബോധ്യമായതായും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!