തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ കൈക്കൂലിവാങ്ങിയെന്ന പരാതിയിൽ പരീക്ഷാഭവനിലെ മറ്റൊരു ജീവനക്കാരനെക്കൂടി സംസ്പെൻഡുചെയ്തു.
പരീക്ഷാഭവൻ ബി.എ. വിഭാഗം അസിസ്റ്റന്റ് സെക്‌ഷൻ ഓഫീസർ ഡോ. സുജിത് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. പ്രൊ. വൈസ് ചാൻസലറുടെ റിപ്പോർട്ടിന്മേൽ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് നടപടിയെടുക്കുകയായിരുന്നു.
ആരോപണവിധേയനായ ജീവനക്കാരനിൽനിന്ന് ബുധനാഴ്ച പ്രൊ. വൈസ് ചാൻസലർ ഡോ. എം. നാസർ തെളിവെടുപ്പു നടത്തി. ഇയാൾക്ക് കോവിഡ് ആയതിനാൽ ഓൺലൈനിലായിരുന്നു തെളിവെടുപ്പ്.
കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് സുജിത്ത് കുമാറിനെതിരേ നടപടി. 495 രൂപ ഇയാൾ കൈപ്പറ്റിയെന്നാണു പരാതി. സർട്ടിഫിക്കറ്റിലെ പേരിലെ പിശക് തിരുത്താനായിരുന്നു അപേക്ഷ. 1105 രൂപയാണ് ഫീസ്. ഇതിൽ 1100 രൂപയാണ് അപേക്ഷക അടച്ചത്. അഞ്ചു രൂപ കുറവുണ്ടെന്ന് അറിയിച്ചതോടെ അപേക്ഷക 500 രൂപ നൽകി. ജീവനക്കാരൻ അഞ്ചുരൂപ സ്വന്തമായി അടച്ചശേഷം ബാക്കി പണം കൈക്കലാക്കിയെന്നാണ് പരാതിയിലുള്ളത്. പണം കൈപ്പറ്റിയിട്ടില്ലെന്ന് തെളിവെടുപ്പിൽ ജീവനക്കാരൻ വിശദീകരിച്ചു.
കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ പരീക്ഷാഭവനിലെ രണ്ടു ജീവനക്കാരാണ് തുടരെ സസ്പെൻഷനിലായത്. മലപ്പുറം സ്വദേശിനിയുടെ പരാതിയിൽ കഴിഞ്ഞദിവസം പ്രീഡിഗ്രി വിഭാഗം അസിസ്റ്റന്റായ എം.കെ. മൻസൂറിനെയും സസ്പെൻഡ് ചെയ്തിരുന്നു. കൈക്കൂലി വിവാദം രാഷ്ട്രീയ പോരിനും ഇടയാക്കിയിട്ടുണ്ട്.