ചെമ്മാട്: വിദ്യാഭ്യാസ-ശാക്തീകരണ രംഗത്ത് സമന്വയ സംവിധാനത്തിലൂടെ വിപ്ലവം തീര്‍ത്ത് ദാറുല്‍ഹുദാ ഇസ് ലാമിക സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തിന് ഉജ്വല സമാപ്തി.
176 യുവ പണ്ഡിതര്‍ മൗലവി ഫാളില്‍ ഹുദവി ബിരുദ പട്ടം ഏറ്റുവാങ്ങി പ്രബോധന വീഥിയിലേക്കിറങ്ങി. മതപ്രബോധന രംഗത്ത് നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തി ക്രിയാത്മകവും കാലോചിതവുമായ ഇടപെടലുകള്‍ നടത്താന്‍ തങ്ങള്‍ സന്നദ്ധരാണെന്ന പ്രതിജ്ഞയുമായി ഹുദവി പട്ടം ഏറ്റുവാങ്ങിയതോടെ, ദാറുല്‍ഹുദായില്‍ നിന്നു ബിരുദം സ്വീകരിച്ചവരുടെ എണ്ണം 2602 ആയി. ഇതില്‍ 151 പേര്‍ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.
ബിരുദദാന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ബിരുദദാനം നിര്‍വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷായി. ബിരുദദാന പ്രഭാഷണവും അദ്ദേഹം നടത്തി. തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍കോവില്‍ വിശിഷ്ടാതിഥിയായിരുന്നു. ഹുദവി പരീക്ഷയില്‍ റാങ്ക് ജേതാക്കളായ പണ്ഡിതര്‍ക്കുള്ള ദാറുല്‍ഹുദാ കുവൈത്ത് കമ്മിറ്റിയുടെ ഉപഹാരവും സ്വാദിഖലി തങ്ങള്‍ വിതരണം ചെയ്തു. സമ്മേളനത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളെ ദാറുല്‍ഹുദാ കമ്മിറ്റി ആദരിച്ചു.
സമസ്ത ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.പി മുസ്തഫല്‍ ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, കെ.പി.എ മജീദ് എം.എല്‍.എ, പി.ടി.എ റഹീം എം.എല്‍.എ, അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി, പി.കെ അബ്ദുല്‍ ഗഫൂര്‍ ഖാസിമി, റശീദ് ഫൈസി വെള്ളായിക്കോട്, കെ.പി മുഹമ്മദ് കുട്ടി, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി കണ്ണന്തളി, ടി.എ ഹൈദര്‍ ഹാജി ചാമക്കാല, പി.വി മുഹമ്മദ് മൗലവി, സി.കെ.കെ മാണിയൂര്‍, കെ.എം അസീം മൗലവി എന്നിവര്‍ സംബന്ധിച്ചു. ജന.സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട് സ്വാഗതവും കെ.പി ശംസുദ്ദീന്‍ ഹാജി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന മിഅ്‌റാജ് ദിന പ്രാര്‍ത്ഥനാ സദസ്സിന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കി. പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് അധ്യക്ഷനായി.
രാവിലെ നടന്ന സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഡോ.യു.ബാപ്പുട്ടി ഹാജി എന്നിവരുടെ മഖാം സിയാറത്തിന് എ.ടി ഇബ്രാഹീം ഫൈസി തരിശ് നേതൃത്വം നല്‍കി.
10.15 ന് വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ഹുദവി സംഗമവും സ്ഥാനവസ്ത്ര വിതരണവും സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ദാറുല്‍ഹുദാ സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ് അധ്യക്ഷനായി. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്‌ബോധനം നടത്തി. കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി മുഖ്യപ്രഭാഷണവും ഹാദിയ ജന.സെക്രട്ടറി ഡോ. കെ.പി ഫൈസല്‍ ഹുദവി മാരിയാട് സന്ദേശപ്രഭാഷണവും നിര്‍വഹിച്ചു. ദാറുല്‍ഹുദാ അധ്യാപകരും മാനേജ്‌മെന്റ് ഭാരവാഹികളും ഹാദിയ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.
അസ്വര്‍ നമസ്‌കാരാനന്തരം നടന്ന ഖത്മ് ദുആ സദസ്സിന് കോഴിക്കോട് വലിയ ഖാദി സയ്യിദ് അബ്ദുാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃതം നല്‍കി. സി. യൂസുഫ് ഫൈസി മേല്‍മുറി അധ്യക്ഷനായി.
പൂര്‍വികരുടെ പാതയില്‍ ഉറച്ചുനില്‍ക്കുക: ജിഫ്രി തങ്ങള്‍
ഹിദായ നഗര്‍: മത പണ്ഡിതര്‍ പൂര്‍വിക പാതയില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കണമെന്നും സമൂഹത്തില്‍ സത്യവും നീതിബോധവും പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പിലാക്കുന്നതിനു പണ്ഡിതരോടൊപ്പം നേതാക്കളും (ഉമറാക്കള്‍) ചേര്‍ന്നുനില്‍ക്കണമന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹ നേതാക്കള്‍ മതപണ്ഡിതരോട് അഭിപ്രായം തേടിയും കൂടിയാലോചനകള്‍ നടത്തിയും പ്രവര്‍ത്തിച്ചതിന്റെ സുകൃതങ്ങളാണ് നാം ഇന്ന് അനുഭവിക്കുന്നത്. കേരളീയ മുസ്്‌ലിംകള്‍ക്കിടയിലുള്ള ഉലമാ-ഉമറാ ബന്ധം ലോകത്തിനു തന്നെ മാതൃകയാണ്. പണ്ഡിതര്‍ സ്വാര്‍ത്ഥത കാണിക്കരുത്. സമൂഹം അവരെ പിന്തുടര്‍ന്ന് പ്രവര്‍ത്തിക്കുകയും വേണം. സുന്നത്ത് ജമാഅത്തിന്റെ പ്രചാരകരായി, സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ലോക വ്യാപകമാക്കാന്‍ ഹുദവികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും തങ്ങള്‍ പറഞ്ഞു.