പൂക്കിപ്പറമ്പിൽ 2 വീടുകളിൽ മോഷണം, കവർന്നത് 10 പവൻ സ്വർണാഭരണങ്ങൾ

മോഷ്ടാക്കളിൽ നിന്ന് രക്ഷതേടി ബക്കറ്റിനുള്ളിൽ ഒളിപ്പിച്ച സ്വർണവും കവർന്നു

തിരൂരങ്ങാടി : പൂക്കിപ്പറമ്പിൽ 2 വീടുകളിൽ മോഷണം. 10 പവൻ കവർന്നു. പൂക്കിപ്പറമ്പിലെ മങ്കട കോയയുടെ വീട്ടിലും പരിസരത്തെ കരുമ്പിൽ ബഷീറിന്റെ വീട്ടിലുമാണ് മോഷണം നടന്നത്. ഞായറാഴ്ച പുലർച്ചെയാണ് മോഷണം. കോയയുടെ വീട്ടിൽനിന്ന് 9 പവൻ സ്വർണാഭരണങ്ങളും ബഷീറിന്റെ വീട്ടിൽനിന്ന് ഒരു പവന്റെ സ്വർണവുമാണ് മോഷണം പോയത്.

കോയയുടെ വീട്ടിൽ ഭാര്യയും മകനുമാണ് താമസം. ശനിയാഴ്ച വീട് പൂട്ടി ഭാര്യ ഫാത്തിമ സുഹറയും മകനും ചെട്ടിയാംകിണറിലെ സുഹറയുടെ വീട്ടിലേക്ക് പോയതായിരുന്നു. സുഹ്റയുടെ ഉമ്മ ഹജ്ജിന് പോകുന്ന ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. ശനിയാഴ്ച രാത്രി വരെ മകൻ വീട്ടിൽ ഉണ്ടായിരുന്നു. ഉമ്മയെ കൂട്ടിക്കൊണ്ടു വരാൻ മകൻ പോയെങ്കിലും ഇടിയും മഴയും ആയതിനാൽ ചെട്ടിയംകിണറിലെ വീട്ടിൽ തന്നെ നിനതയിരുന്നു.

ഇന്നു രാവിലെ വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

അടുക്കളവാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്.

അലമാരയിലും ബക്കറ്റിലും സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്. ആരുടെയും ശ്രദ്ധയിൽ പെടാതിരിക്കാൻ ബക്കറ്റിൽ വസ്ത്രങ്ങൾക്കിടയിലാക്കി പേഴ്സിൽ സൂക്ഷിച്ചതായിരുന്നു ആഭരണങ്ങൾ. മറ്റു സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.

ബഷീറിന്റെ വീട്ടിൽ പുലർച്ചെ 3.30നാണ് മോഷണം നടന്നത്. അടുക്കളവാതിലിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവ് സോഫയിൽ കിടന്നുറങ്ങുകയായിരുന്ന ബഷീറിന്റെ മാതാവ് ഖദീജയുടെ മാല പൊട്ടിക്കുകയായിരുന്നു. ഇവർ ഉണർന്നു ബഹളംവച്ചതിനാൽ 3 പവന്റെ മാലയുടെ ഒരു കഷ്ണമാണ് മോഷ്ടാവിന് ലഭിച്ചത്. കയ്യിൽകിട്ടിയ മാലയുടെ കഷണവുമായി മോഷ്ടാവ് കടന്നു. പൊലീസും ഡോഗ് സ്ക്വാഡും പരിശോധനക്കെത്തി.

error: Content is protected !!