കരിപ്പൂരില്‍ 63 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പോലീസ് പിടികൂടി ; യാത്രക്കാരനും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എത്തിയ രണ്ടുപേരും കസ്റ്റഡിയില്‍

കരിപ്പൂര്‍ : കരിപ്പൂരില്‍ 63 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പോലീസ് പിടികൂടി. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 887 ഗ്രാം സ്വര്‍ണ്ണം പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഒരു യാത്രക്കരനെയും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ മറ്റ് രണ്ടുപേരെയും പോലിസ് കസ്റ്റഡിയിലെടുത്തു. നാദാപുരം സ്വദേശി മുഹമ്മദ്, കുറ്റ്യാടി സ്വദേശികളായ സജീര്‍, അബൂ സാലിഹ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഞാറാഴ്ച 08 .30 മണിക്ക് മസ്‌കറ്റില്‍ നിന്നും വന്ന ഒമാന്‍ എയര്‍ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ നാദാപുരം സ്വദേശി മുഹമ്മദ് ആണ് 887 ഗ്രാം സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ 3 കാപ്‌സ്യൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

മുഹമ്മദ് കടത്തികൊണ്ടു വന്ന സ്വര്‍ണ്ണം സ്വീകരിക്കാനായി എയര്‍പോര്‍ട്ടിന് പുറത്ത് കാത്തിരുന്ന കുറ്റ്യാടി സ്വദേശികളായ സജീര്‍, അബൂ സാലിഹ് എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റ് രണ്ട് പേര്‍. ഇവര്‍ സഞ്ചരിച്ച വാഹനവും അതില്‍ പാസഞ്ചര്‍ക്ക് പ്രതിഫലമായി നല്‍കാന്‍ കരുതിയ 70,000/ രൂപയും പോലീസ് പിടിച്ചെടുത്തു. കുറ്റ്യാടി സ്വദേശി റംഷാദ് എന്നയാള്‍ക്ക് വേണ്ടിയാണ് സ്വര്‍ണ്ണം കടത്തിയതെന്നാണ് അറിവായത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും. തുടര്‍ നടപടികള്‍ക്കായി വിശദറിപ്പോര്‍ട്ട് പ്രിവന്റീവ് കസ്റ്റംസിന് സമര്‍പ്പിക്കും.

error: Content is protected !!