
ന്യൂഡല്‍ഹി : രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി.രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
ജൂലൈ 21-ന് മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കുമൊപ്പം മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയിരുന്നു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുത്തില്ല.
ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 452 വോട്ടുനേടിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ സി.പി.രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥി ബി.സുദര്‍ശന്‍ റെഡ്ഡിക്ക് 300 വോട്ടാണ് ലഭിച്ചത്. 781 എംപിമാരില്‍ 767 പേര്‍ വോട്ടു രേഖപ്പെടുത്തിയിരുന്നു. റെക്കോര്‍ഡ് സംഖ്യയായ 98.2 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. ഇതില്‍ 15 വോട്ടുകള്‍ അസാധുവായി. എന്‍ഡിഎയിലെ 427 എംപിമാരെ കൂടാതെ വൈഎസ്ആര്‍സിപിയിലെ 11 എംപിമാരും രാധാകൃഷ്ണനെ പിന്തുണച്ചു. ഇതുകൂടാതെ പ്രതിപക്ഷത്തുനിന്ന് ചോര്‍ന്ന 14 വോട്ടും രാധാകൃഷ്ണന് അധികമായി ലഭിച്ചു.