
ദില്ലി : സമൂഹ മാധ്യമത്തിലൂടെ കവിത പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ്ഗഡിക്കെതിരെ ഗുജറാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കടുത്ത വിമര്‍ശനത്തോടെ സുപ്രീം കോടതി റദ്ദാക്കി. ഒരാള്‍ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യം കോടതികള്‍ സംരക്ഷിക്കണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് മാരായ അഭയ് എസ് ഓക, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഗുജറാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയത്.
ആവിഷ്‌ക്കാരസ്വാതന്ത്യവും പൗരന്മാരുടെ അവകാശങ്ങളും ചവിട്ടി മെതിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. അരക്ഷിതാവസ്ഥയിലുഉള്ള വ്യക്തികളുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തെ വിലയിരുത്താനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജനാധിപത്യത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം അനിവാര്യമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
കേസ് റദ്ദാക്കാന്‍ വിസ്സമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി നടപടിയെ സുപ്രീം കോടതി വിമര്‍ശിച്ചു. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോടതികള്‍ക്ക് ബാധ്യതയുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്‍കുന്നതാണ്. ചില അഭിപ്രായങ്ങളോട് ജഡ്ജിമാര്‍ക്ക് യോജിപ്പ് ഉണ്ടാകാതിരിക്കാം. എന്നാല്‍ ആ അഭിപ്രായങ്ങള്‍ പറയാന്‍ വ്യക്തികള്‍ക്ക് ഉള്ള അവകാശം സംരക്ഷിക്കാന്‍ കോടതികള്‍ക്ക് ബാധ്യത ഉണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഹേ രക്തദാഹിയായ മനുഷ്യ കേള്‍ക്കൂ എന്ന് അര്‍ത്ഥം വരുന്ന കവിതയാണ് എംപി ഫേസ്ബുക്കില്‍ നേരത്തെ പോസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്ലിന്റെ ദേശീയ ചെയര്‍മാനും എംപിയുമായ പ്രതാപ്ഗഡിക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ 196, 197 വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. ഗുജറാത്തിലെ ജാംനഗറില്‍ സമൂഹവിവാഹച്ചടങ്ങിനിടെ ആലപിച്ച കവിതയുടെ വീഡിയോ സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചിരുന്നു കേസ്. ഇതിനെതിരായ പരാതിയിലാണ് വരികള്‍ ദേശീയ ഐക്യത്തിനു നിരക്കാത്തതും മതവികാരം വ്രണപ്പെടുത്തുന്നതെന്നും ആരോപിച്ച് യുപി ഗുജറാത്ത് പൊലീസ് എടുത്തത്.
കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് നടപടിയെയും സുപ്രീം കോടതി വിമര്‍ശിച്ചു. ഭരണഘടന മൂല്യങ്ങള്‍ ഉറപ്പാക്കാന്‍ പൊലീസിന് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണം അരക്ഷിതാവസ്ഥയില്‍ ഉള്ള വ്യക്തികളുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വിലയിരുത്താന്‍ ആകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എഴുതിയതും പറഞ്ഞതുമായ വാക്കുകളുടെ അര്‍ത്ഥം ആദ്യം മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു.