
ഗുരുവായൂർ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച ജസ്ന സലീമിനെതിരെ കേസെടുത്ത് പൊലീസ്.
ഗുരുവായൂർ ദേവസ്വത്തിൻ്റെ പരാതിയില്‍ കലാപശ്രമം ഉള്‍പ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കിഴക്കേനടയില്‍ കൃഷ്ണവിഗ്രഹത്തില്‍ മാല ചാർത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ടിലുള്ളത്. മുസ്ലിം മതത്തിൽ പെട്ട
കൃഷ്ണഭക്ത എന്ന നിലയില്‍ നേരത്തേ വൈറലായിരുന്നു ജസ്ന സലീം. ഗുരുവായൂർ ക്ഷേത്രത്തിന് മുന്നില്‍വെച്ച് കേക്ക് മുറിക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ ഗുരുവായൂർ ക്ഷേത്രം നല്‍കിയ പരാതിയില്‍ ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ക്ഷേത്രങ്ങള്‍ ഭക്തർക്കുള്ള ഇടമാണ്. അവിടെവെച്ച് ഇത്തരത്തില്‍ ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി നിലപാടെടുത്തു.
പിന്നാലെയാണ് ജസ്ന കഴിഞ്ഞമാസം കിഴക്കേനടയിലെ ദീപസ്തംഭത്തിനടുത്തുള്ള കാണിക്കയ്ക്ക് മുകളിലുള്ള കൃഷ്ണവിഗ്രഹത്തില്‍ മാല ചാർത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തത്. ഗുരുവായൂർ ദേവസ്വം ബോർഡ് നല്‍കിയ പരാതിയില്‍ കലാപശ്രമം ഉള്‍പ്പെടെ ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു.
കൃഷ്ണന്റെ ചിത്രം വരച്ച് വില്പനയായിരുന്നു ഇവരുടെ തൊഴിൽ. ചിത്രം വരച്ച് ക്ഷേത്രത്തിൽ എത്തി വീഡിയോ എടുക്കാറുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർക്ക് ചിത്രം നൽകി വൈറൽ ആയിരുന്നു.
ഇവർ വിവാദങ്ങളിലും ഉൾപ്പെട്ടിരുന്നു. സമൂഹത്തിൽ നിന്ന് ഇവർക്ക് പിന്തുണ കിട്ടിയിരുന്നെങ്കിലും, ഹിന്ദു മുസ്ലിം വിഭാഗങ്ങളിൽ നിന്ന് രൂക്ഷമായ എതിർപ്പുകളും സൈബർ ഇടങ്ങളിൽ ഉണ്ടായിരുന്നു. കൃഷ്ണന്റെ ചിത്രം വെച്ച് തട്ടിപ്പ് നടത്തുന്നു എന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ ഇവർക്കെതിരായ പ്രചാരണം. ഇപ്പോൾ കേസെടുത്തത് ഈ വിഭാഗം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയാണ്.