ട്രെയിനിന് തീയിട്ട അക്രമിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കോഴിക്കോട് : ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യുട്ടിവ് എക്‌സ്പ്രസ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കാട്ടിലപ്പീടികയിലെ ഒരു പള്ളിയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തായത്. ചുവന്ന കള്ളികളുള്ള ഷര്‍ട്ട് ധരിച്ച വ്യക്തിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഫോണ്‍ ചെയ്യുന്നതും ഒരു ഇരുചക്രവാഹനത്തില്‍ കയറി പോകുന്നതുമാണ് വീഡിയോയിലുള്ളത്. ഇയാളുടെ കയ്യിലൊരു ബാഗുമുണ്ട്. ഇയാള്‍ തന്നെയാണോ അക്രമിയെന്ന് പൊലീസും ഉറപ്പിച്ച് പറയുന്നില്ല. പക്ഷേ ദൃക്‌സാക്ഷി നല്‍കിയ സൂചനകളെല്ലാം യോജിക്കുന്നയാളാണ് ദൃശ്യങ്ങളിലുള്ളത്.

ഞായറാഴ്ച രാത്രി 9.11ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ എലത്തൂരില്‍ വച്ചാണ് സംഭവം. അക്രമി ഡി1 കോച്ചില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ട്രാക്കില്‍നിന്ന് മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു. തീ പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയതിനെ തുടര്‍ന്നാണ് മരണമെന്നാണ് സംശയം. 3 സ്ത്രീകള്‍ ഉള്‍പ്പെടെ 9 യാത്രക്കാര്‍ക്ക് പൊള്ളലേറ്റു. ഇവര്‍ ചികിത്സയിലാണ്.

പി.സി.ലതീഷ്, ജ്യോതീന്ദ്രനാഥ്, പ്രകാശന്‍ എന്നിവര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. റൂബി, അശ്വതി, അനില്‍കുമാര്‍, ഭാര്യ സജിഷ, അദ്വൈത് എന്നീ 5 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയാണ്. പരിക്കേറ്റ ഒമ്പതാമത്തെയാള്‍ റാസിഖ് കൊയിലാണ്ടിയിലായിരുന്നു ചികിത്സ തേടിയത്.

error: Content is protected !!