Wednesday, September 17

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം ; അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത, മലപ്പുറമടക്കമുള്ള ജില്ലകള്‍ക്ക് മുന്നറിയിപ്പ്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 5നു ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും, ഓഗസ്റ്റ് 03 മുതല്‍ 06 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, ഓഗസ്റ്റ് 02 മുതല്‍ 06 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ തമിഴ്നാടിനും മന്നാര്‍ കടലിടുക്കിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തില്‍ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ ഓറഞ്ച് , യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെലോ അലര്‍ട്ട്. മറ്റുള്ള ജില്ലകളില്‍ ഗ്രീന്‍.

error: Content is protected !!