Saturday, July 19

ധീരോദാത്തമായ ഒരു രാഷ്ട്രീയ ജീവിതത്തിനു തിരശ്ശീല വീണിരിക്കുന്നു ; യെച്ചൂരിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുസ്മരണം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ധീരോദാത്തമായ ഒരു രാഷ്ട്രീയ ജീവിതത്തിനു തിരശ്ശീല വീണിരിക്കുന്നു അദ്ദേഹം അനുസ്മരിച്ചു. യെച്ചൂരിയുടെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമല്ല ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങള്‍ക്കാകെ കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടിയന്തരാവാസ്ഥയുടെ ഭീകരതയെ നിര്‍ഭയം നേരിട്ട വിപ്‌ളവകാരിയായ വിദ്യാര്‍ത്ഥിയില്‍ നിന്നും രാജ്യമാകെ ബഹുമാനിക്കുന്ന സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവായി വളര്‍ന്ന യെച്ചൂരിയുടെ ജീവിതം ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഉജ്ജ്വലമായ ഏടുകളിലൊന്നാണ്. ധൈഷണികതയും നേതൃപാടവവും ഒരുപോലെ കൈമുതലായിരുന്ന യെച്ചൂരി സംഘാടകന്‍, സാമാജികന്‍, രാഷ്ട്രതന്ത്രജ്ഞന്‍ തുടങ്ങി തന്നില്‍ നിക്ഷിപ്തമായ ബഹുമുഖമായ ഉത്തരവാദിത്തങ്ങളെല്ലാം മികച്ച രീതിയില്‍ നിര്‍വഹിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ഷകരുടേയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ രാഷ്ട്രീയ ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹം സംഘപരിവാര്‍ വര്‍ഗീയതയ്‌ക്കെതിരെ ഉയര്‍ന്ന ബഹുജനമുന്നേറ്റങ്ങളുടെ നേതൃനിരയില്‍ നിലയുറപ്പിച്ചു. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം തിരിച്ചടികള്‍ നേരിട്ട ഘട്ടങ്ങളിലെല്ലാം അടിപതറാതെ മറ്റു സഖാക്കള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. പല ഘട്ടങ്ങളിലും ദേശീയ രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് രൂപം നല്‍കുന്നതില്‍ അദ്ദേഹം നിര്‍ണ്ണായകമായ പങ്കു വഹിക്കുകയുണ്ടായിയെന്നും അദ്ദേഹം അനുസ്മരിച്ചു.

സീതാറാം യെച്ചൂരിയുടെ നിര്യാണം സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ്. വ്യക്തിപരമായും വളരെ ദു:ഖകരമായ ഒരു സന്ദര്‍ഭമാണിത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അദ്ദേഹത്തെ സ്‌നേഹിക്കുന്ന അസംഖ്യം ഹൃദയങ്ങളുടെയും വേദനയില്‍ പങ്കു ചേരുന്നു. സഖാവിന്റെ ഉജ്ജ്വല സ്മരണകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞുയ

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചിരുന്ന സീതാറാം യെച്ചൂരിയുടെ ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് വിട പറഞ്ഞത്. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ദില്ലി എയിംസ് മെഡിക്കല്‍ കോളേജിന് പഠനത്തിന് വിട്ടു നല്‍കും. ഇന്ന് മൃതദേഹം എയിംസിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. 14ന് ദില്ലി എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചവരെ പൊതു ദര്‍ശനം നടക്കും അതിന് ശേഷമായിരിക്കും മൃതദേഹം എയിംസിന് വിട്ടുനല്‍കുക.

error: Content is protected !!