രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റത്തോത് കേരളത്തില്‍ ; മുഖ്യമന്ത്രി

തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റത്തോത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിലക്കയറ്റം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നില്ല. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ സംസ്ഥാനത്ത് വലിയ തോതില്‍ സാധനങ്ങള്‍ക്ക് വില ഉയരേണ്ടതാണ്. എന്നാല്‍, വിലക്കയറ്റത്തോത് ദേശീയ ശരാശരിയേക്കാള്‍ താഴെ നിര്‍ത്താന്‍ കേരളത്തിനാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിരന്തരം സ്വീകരിച്ച നടപടികളിലൂടെയാണ് ഇത് സാധ്യമായത്. ജനോപകാരപ്രദമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സപ്ലൈകോ. എന്നാല്‍, ഈ രംഗത്ത് ഒന്നും നടക്കുന്നില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു. അവര്‍ സപ്ലൈകോയെക്കുറിച്ച് കുപ്രചാരണം അഴിച്ചുവിടുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സപ്ലൈകോയുടെ ശരാശരി വിറ്റുവരവ് 252 കോടി രൂപയാണ്. നിലവില്‍ 270 കോടിയും. ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് സാധനങ്ങള്‍ ഉറപ്പാക്കും. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, സഹകരണ മേഖലയിലെ മറ്റു വില്‍പ്പനശാലകള്‍ എന്നിവ നടത്തുന്ന ഇടപെടലിലൂടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നുണ്ട്. വിപണി ഇടപെടലിനായി സപ്ലൈകോ 250 കോടി രൂപയുടെ അവശ്യസാധനമാണ് സംഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!