മുഖ്യശത്രുവിനെ തുരത്താൻ സിഐടിയു ശത്രുത മറന്ന് ഐഎൻടിയുസിയെ സഹായിച്ചു; യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിഎംഎസ് പുറത്തായി

തേഞ്ഞിപ്പലം : കേരള രാഷ്ട്രീയത്തിൽ എന്ന പോലെ , അല്ലെങ്കിൽ അതിനേക്കാൾ വലിയ ശത്രുതയിലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യിൽ യു ഡി എഫും എൽ ഡി എഫും. എന്നാൽ സെനറ്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ശനിയാഴ്ച ദിവസം നടന്ന തിരഞ്ഞെടുപ്പിൽ ഇവരുടെ തൊഴിലാളി സംഘടനകൾ അതെല്ലാം മറന്നു ഒന്നിച്ചു. ഇരു കൂട്ടരുടെയും പൊതു ശത്രുവായ ബി ജെ പി യുടെ തൊഴിലാളി സംഘടനയായ ബി എം എസിനെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് ലേക്ക് അടുപ്പിക്കാതിരിക്കാനായിരുന്നു ഈ ഒന്നാകൽ. ഫലമോ, ബി എം എസ് ജയിക്കുമായിരുന്ന സീറ്റിൽ അവരെ തോൽപ്പിച്ച് ഐ എൻ ടി യു സി യെ ജയിപ്പിച്ചു.

സെന റ്റിൽ ട്രേഡ് യൂണിയൻ വിഭാഗത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 2 സീറ്റിലേക്ക് 4 സ്ഥാനാര്ഥികളാണ് ഉണ്ടായിരുന്നത്. സി ഐ ടി യു പ്രതിനിധികളായി മുൻ ജില്ലാ പഞ്ചായത്ത് അംഗവും ഡി വൈ എഫ് ഐ നേതാവും ആയിരുന്ന എം ബി ഫൈസൽ, നിഖിൽ, ഐ എൻ ടി യു സി യുടെ അഡ്വ. എം.രാജൻ, ബി എം എസിന്റെ എം എം വത്സൻ എന്നിവരായിരുന്നു സ്ഥാനാർഥികൾ.

ആകെയുള്ള 127 വോട്ടുകളിൽ 47 വോട്ട് നേടി സി ഐ ടി യു വിന്റെ ഒരു സ്ഥാനാർത്ഥി എം ബി ഫൈസൽ ആദ്യ റൗണ്ടിൽ വിജയിച്ചു. വിജയിക്കാനാവശ്യമായ 43 വോട്ടിനേക്കാളും 4 വോട്ട് അധികം നേടിയാണ് അദ്ദേഹം വിജയിച്ചത്.
രണ്ടാമതെത്തിയ ബി എം എസ് സ്ഥാനാർത്ഥി എം എം വൽസൺ 33 വോട്ട് നേടിയെങ്കിലും ക്വാട്ടയായ 43 വോട്ട് തികയാത്തതിനാൽ വിജയിച്ചില്ല. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഐ എൻ ടി യു സി സ്ഥാനാർത്ഥി എം. രാജന് 31 വോട്ടുകൾ മാത്രമാണ് ലഭിച്ചതെങ്കിലും 4-ാം സ്ഥാനത്തുണ്ടായിരുന്ന സി ഐ ടി യു സ്ഥാനാർത്ഥി നിഖിലിന്റെ 16 വോട്ടുകൾ ഐ എൻ ടി യു സി സ്ഥാനാർത്ഥിയ്ക്ക് രണ്ടാം വോട്ടായി നൽകി ഐ എൻ ടി യു സി യെ വിജയിപ്പിക്കുകയായിരുന്നു. എൽ ഡി എഫ്, യു ഡി എഫ്

തൊഴിലാളി സംഘടനകൾ ഒത്തതോടെ സെനറ്റിൽ കയാറാമെന്ന ബി ജെ പി യുടെ മോഹത്തിന് തിരിച്ചടി ആകുകയായിരുന്നു. രാജൻ ഇത് നാലാം തവണയാണ് സെനറ്റ് അംഗമാകുന്നത്. ഇതു വരെ ബി ജെ പിക്ക് സെനറ്റിൽ അംഗത്വം കിട്ടിയി ട്ടില്ല. ബി ജെ പി ക്ക് അംഗത്വം കിട്ടാതിരിക്കാനാണ് ഒന്നിച്ചതെന്നാണ് ഇരു സംഘടന പ്രവർത്തകരും പറയുന്നത്. ഇവർ ഒന്നിച്ച് തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നു എന്ന് ബി എം എസ് പറഞ്ഞു.

error: Content is protected !!