എന്റെ കേരളം പ്രദർശന വിപണന മേളയിൽ കയർ ഭൂവസ്ത്രം പദ്ധതിയുടെ ഭാഗമായി കയർ വികസന വകുപ്പ് ഒരുക്കിയ മേലാറ്റൂർ കുളത്തിന്റെ മാതൃക ഏറെ ശ്രദ്ധേയമാണ്. മേലാറ്റൂർ ചെമ്മാണിയോട് ഭാഗത്ത് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയും കയർ വികസന വകുപ്പും സംയുക്തമായി പതിനഞ്ചോളം സ്ത്രീകൾ ചേർന്ന് നിർമിച്ച 64 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള മേലാറ്റൂർ കുളത്തിന്റെ മാതൃകയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
മണ്ണൊലിപ്പ് തടയുക, മണ്ണ് സംരക്ഷിക്കുക എന്നീ ലക്ഷ്യത്തോടെ മണ്ണ്, ജിയോടാക്‌സ് കയർ, മുളയാണി എന്നിവ കൊണ്ട് നിർമിച്ച മേലാറ്റൂർ കുളത്തിന്റെ മാതൃക പരിസ്ഥിതി സൗഹൃദം എന്ന സന്ദേശത്തെ വിളിച്ചോതുന്നതാണ്. ഇത് കൂടാതെ വ്യത്യസ്ഥ പ്രദേശങ്ങളിൽ നിർമിച്ച വൈക്കം കയർ, മുപ്പിരി കയർ, ബേപ്പൂർ കൈപ്പിരി കയർ, കൊയിലാണ്ടി കയർ എന്നിവയുടേയും കയർ കൊണ്ട് നിർമിച്ച ഗ്രോബാഗ് , ചെടി ചട്ടി എന്നിവയുടെ പ്രദർശനവും സ്റ്റാളിലുണ്ട്.