അധ്യാപകര്‍ക്ക് വിലപിടിപ്പുള്ള സമ്മാനം നല്‍കുന്നതിനെതിരെ മുന്നറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ്

മലപ്പുറം: കുട്ടികള്‍ അധ്യാപകര്‍ക്ക് വിലപിടിപ്പുള്ള സമ്മാനം നല്‍കരുതെന്ന മുന്നറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ്. മലപ്പുറം ജില്ല വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ ആണ് ഇതുസംബന്ധിച്ച്‌ ഉത്തരവ് ഇറക്കിയത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഇത്തരം സമ്ബ്രദായം ഉണ്ടാകരുതെന്നും നിര്‍ദേശം സ്‌കൂളുകള്‍ക്ക് കൈമാറണമെന്നും ഉപ ഡയരക്ടര്‍ ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരെ അറിയിച്ചു.

അധ്യയന വര്‍ഷത്തിലെ അവസാനദിവസം യാത്രയയപ്പിനോടനുബന്ധിച്ച്‌ അധ്യാപകര്‍ക്ക് വിദ്യാര്‍ഥികള്‍ വിലപിടിപ്പുള്ള വസ്ത്രങ്ങളും വാചുകളും അലങ്കാര വസ്തുക്കളും സമ്മാനമായി നല്‍കുന്ന രീതി അടുത്ത കാലത്തായി വര്‍ധിച്ചിരിക്കുന്നു. വന്‍ തുകയാണ് ഇതിനായി ചില വിദ്യാര്‍ഥികള്‍ ചിലവിടുന്നത്. അധ്യാപകരില്‍ ഒരു വിഭാഗം വിയോജിപ്പ് പ്രകടിപ്പിച്ചപ്പോഴും ചിലര്‍ ഇതിനെ പ്രോല്‍സാഹിപ്പിച്ചു.

ഇതോടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സമ്മാന വിതരണം ഒരു ബാധ്യതയായി മാറി. അധ്യാപകര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിക്കൊണ്ടുള്ള യാത്രയയപ്പിനെതിരെ സമൂഹത്തില്‍ അമര്‍ഷം പുകഞ്ഞതോടെയാണ് വിദ്യാഭ്യാസ വകുപ്പ് വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്.

സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം കൂടാതെ അന്യരില്‍ നിന്ന് സമ്മാനമോ പ്രതിഫലമോ പാരിതോഷികമോ പ്രത്യക്ഷമായോ പരോക്ഷമായോ സ്വീകരിക്കുകയോ, അപ്രകാരം സ്വീകരിക്കാന്‍ തന്റെ കുടുംബാംഗങ്ങളില്‍ ആരെയും അനുവദിക്കുകയോ പാടില്ലെന്ന് കേരള വിദ്യാഭ്യാസ ആക്ടില്‍ വ്യക്തമാക്കുന്നുണ്ട്.

അഭിനന്ദന സൂചകമായി പുഷ്പങ്ങളോ ഫലങ്ങളോ പോലുള്ളവ സ്വീകരിക്കാമെങ്കിലും അതും നിരുത്സാഹപ്പെടുത്തണമെന്നാണ് നിര്‍ദേശം. ഇതെല്ലാം അവഗണിച്ചാണ് വിദ്യാര്‍ഥികളില്‍നിന്ന് അധ്യാപകര്‍ സമ്മാനങ്ങള്‍ കൈപ്പറ്റുന്നത്. ഇതിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ മുന്നറിയിപ്പ്.

error: Content is protected !!