കോളേജ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: തൃക്കരിപ്പൂര്‍ ഇ.കെ നായനാര്‍ പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോളേജിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന കാസര്‍കോട് ഭീമനടി സ്വദേശി അഭിജിത്ത് ഗംഗാധരന്‍ (19) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അഭിജിത്തിനെ ഹോസ്റ്റലിന് അകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവരുടെ പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. അഭിജിത്തിന്റെ കൈവശം മറ്റൊരു വിദ്യാര്‍ത്ഥിയുടെ ഹോള്‍ ടിക്കറ്റ് ഉണ്ടായിരുന്നു. ഇന്ന് രാവിലെ ഈ ഹോള്‍ ടിക്കറ്റ് വാങ്ങാനായി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയിലെത്തി. എന്നാല്‍ വാതിലില്‍ കുറേ നേരം തട്ടിവിളിച്ചിട്ടും അഭിജിത്ത് തുറന്നില്ല. ഇതോടെ മൊബൈലില്‍ വിളിച്ചു നോക്കി. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. വിദ്യാര്‍ത്ഥികള്‍ മുറിയുടെ ജനല്‍ തുറന്ന് നോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് അഭിജിത്തിനെ കണ്ടെത്തിയത്. സംഭവം ഉടന്‍ തന്നെ പൊലീസിനെ അറിയിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

error: Content is protected !!