Tuesday, July 22

വിഎസിനെ അധിക്ഷേപിച്ചു ; ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകനെതിരെ പരാതി

വണ്ടൂര്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമത്തില്‍ അധിക്ഷേപിച്ച ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകനെതിരെ പരാതി. വാണിയമ്പലം സ്വദേശി യാസീന്‍ അഹമ്മദാണ് സാമൂഹിക മാധ്യമത്തിലൂടെ വിഎസിനെ അധിക്ഷേപിച്ചത്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ മലപ്പുറം വണ്ടൂര്‍ പോലീസില്‍ പരാതി നല്‍കി.

അതേസമയം, ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക് തിരിച്ചിരിക്കുകയാണ്. ദേശീയപാത വഴിയാണ് വിലാപയാത്ര കന്നുപോകുക. കെഎസ്ആര്‍ടിസിയുടെ പ്രത്യേകം സജ്ജീകരിച്ച ലോ ഫ്‌ലോര്‍ എസി ബസിലാണ് മൃതദേഹം കൊണ്ടുപോകുന്നത്.

തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങള്‍ക്ക് കാണാനും ഉള്ളില്‍ കയറി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിന്റെ സജ്ജീകരണം. ഇന്ന് രാത്രി ഒമ്പത് മണിയോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും.

സാധാരണ കെഎസ്ആര്‍ടിസി ബസില്‍നിന്നും വ്യത്യസ്തമായി ഗ്ലാസ് പാര്‍ട്ടീഷന്‍ ഉള്ള എ.സി. ലോ ഫ്ളോര്‍ ബസാണ് വി.എസ്. അച്യുതാനന്ദന്റെ അന്ത്യയാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വിഎസിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പുഷ്പങ്ങളാല്‍ അലങ്കരിച്ച വാഹനമാണ് ഒരുക്കിയിരിക്കുന്നത്. കുറച്ചു സീറ്റുകള്‍ ഇളക്കിമാറ്റി ചുവന്ന പരവതാനി വിരിച്ചിട്ടുള്ള ബസില്‍ ജനറേറ്റര്‍, ഫ്രീസര്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

നാളെ രാവിലെ ഒമ്പത് മണി മുതല്‍ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് 10 മണി മുതല്‍ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം ഉണ്ടാകും. പുന്നപ്ര വയലാര്‍ സമരസേനാനികളുടെ ഓര്‍മകള്‍ ഉറങ്ങുന്ന വലിയ ചുടുകാട്ടില്‍ വൈകിട്ട് മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം.

error: Content is protected !!