തിരൂരങ്ങാടി : ഭര്‍ത്താവ് അറിയാതെ ഭാര്യയെ മറ്റൊരു വിവാഹം കഴിപ്പിച്ചയച്ച കാര്യം ചര്‍ച്ച ചെയ്യാനെത്തിയ മുന്‍ നഗരസഭ കൗണ്‍സിലര്‍ കൂടിയായ യുവാവിനെ അക്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തിരൂരങ്ങാടി മുന്‍ നഗരസഭ കൗണ്‍സിലര്‍ തിരൂരങ്ങാടി വെള്ളിപ്പാലപറമ്പ് സ്വദേശി പട്ടാളത്തില്‍ ഹംസ (38) യെ മര്‍ദിച്ച കേസിലാണ് പള്ളി സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത്.
കഴിഞ്ഞ മാസം 16 ന് ഹംസയുടെ ഭാര്യയെ ഇദ്ദേഹമറിയാതെ വീണ്ടും വിവാഹം കഴിപ്പിച്ച കാര്യം ചര്‍ച്ച ചെയ്യാനെന്ന പേരില്‍ ചാമപറമ്പ് ജുമാമസ്ജിദ് സെക്രട്ടറി അദ്ദേഹത്തിന്റെ പള്ളിക്കല്‍ ബസാര്‍ മിനി എസ്റ്റേറ്റിനടുത്തുളള വീട്ടിലേക്ക് വിളിച്ചു വരുത്തി ഒന്നു മുതല്‍ 7 പ്രതികളും കണ്ടാലറിയാവുന്ന മറ്റു പ്രതികളും ചേര്‍ന്ന് അന്യായക്കാരനെ കൈകൊണ്ടും മാരകായുധങ്ങള്‍ കൊണ്ടും അക്രമിച്ചു പരിക്കേല്‍പ്പിക്കുകയും മൊബൈല്‍ ഫോണ്‍ അപഹരിക്കുകയും ചെയ്‌തെന്നാണ് പരാതി. ഇവിടെ നിന്നും രക്ഷപ്പെട്ട ഹംസയെ 2 വാഹനങ്ങളിലായി പിന്തുടര്‍ന്ന് വന്ന് കൊളപ്പുറം ജംഗ്ഷനില്‍ വെച്ച് തടഞ്ഞു നിര്‍ത്തി അന്യായക്കാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും വടിവാള്‍ വീശി ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി.
പള്ളിക്കല്‍ ബസാര്‍ ചാമപറമ്പ് ജുമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറി പെരിയമ്പലം സ്വദേശി മുജീബ്, ചാമ്പറമ്പ് ലക്ഷംവീട് കോളനിയിലെ കെ.അന്‍സാര്‍, മൊയ്തീന്‍, കൊടിഞ്ഞി സ്വദേശികളായ പുതിയകത്ത്് ജാബിര്‍, ഹംസ, കണ്ടാലറിയാവുന്ന 10 പേരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്.
ഇദ്ദേഹം മലപ്പുറം കോടതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം കൊണ്ടോട്ടി പൊലീസാണ് കേസെടുത്തത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. അതേസമയം, അന്വേഷണം നടത്തിയ ശേഷമാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക എന്ന് പൊലീസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാവായ ഹംസ, തിരൂരങ്ങാടി പഞ്ചായത്തിലെയും പ്രഥമ മുൻസിപ്പാലിറ്റി യിലെയും ഭരണസമിതി അംഗമായിരുന്നു. ഹംസ നിക്കാഹ് ചെയ്തിരുന്ന യുവതിയെ മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുത്തു എന്നാണ് ഹംസ പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ട് എന്നാണ് പോലീസ് പറയുന്നത്.