ദളിത് യുവാവിനെ വിവാഹം ചെയ്ത 19കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു

ചെന്നൈ: തഞ്ചാവൂരില്‍ ദളിത് യുവാവിനെ വിവാഹം ചെയ്ത 19കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പെരുമാള്‍ അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പൊലീസിനെതിരെയും വലിയ പ്രതിഷേധം ഉയരുന്നുണ്ട്. വിവാഹം കഴിഞ്ഞ യുവതിയെ പൊലീസ് നിര്‍ബന്ധിച്ച് വീട്ടുകാരോടൊപ്പം പറഞ്ഞയക്കുകയായിരുന്നുവെന്നും പൊലീസുകാര്‍ക്കെതിരെ നടപടിവേണമെന്നുമാണ് ആവശ്യം.

പുതുവര്‍ഷത്തലേന്നാണ് ഐശ്വര്യയും സഹപാഠിയും തിരുപ്പൂരിലെ വസ്ത്രനിര്‍മാണ കമ്പനിയില്‍ ജീവനക്കാരനുമായ ബി നവീനും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ഐശ്വര്യയെ വിവാഹം കഴിക്കുകയും വീരപാണ്ടിയിലെ വാടക വീട്ടിലേക്ക് മാറി താമസവും തുടങ്ങിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ മകളെ കാണാനില്ലെന്ന് കാണിച്ച് ഐശ്വര്യയുടെ പിതാവ് പെരുമാള്‍ പല്ലടം ജനുവരി രണ്ടിന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ ഐശ്വര്യയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അച്ഛനൊപ്പം നിര്‍ബന്ധിച്ച് പറഞ്ഞുവിടുകയായിരുന്നുവെന്നും ഭര്‍ത്താവായ നവീനെ ഭീഷണിപ്പെടുത്തിയതായും ആക്ഷേപം ഉണ്ട്. അഞ്ച് ദിവസത്തിനുശേഷം ഐശ്വര്യക്കെന്തോ അപകടം സംഭവിച്ചുവെന്ന് സംശയിക്കുന്നതായി സുഹൃത്ത് അറിയിച്ചതോടെ നവീന്‍ വീണ്ടും പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അച്ഛനും നാല് ബന്ധുക്കളും ചേര്‍ന്ന് ഐശ്വര്യയെ ചുട്ടുകൊന്നതായി കണ്ടെത്തിയത്. അഞ്ച് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

error: Content is protected !!