
വനിതാ പഞ്ചായത്ത് അംഗത്തിന്റെ വീട്ടില്‍ പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി തള്ളിയ സംഭവത്തില്‍ പരാതി നല്‍കി. പത്തനംതിട്ട ചെന്നീര്‍ക്കരയില്‍ ആണ് സംഭവം. സംഭവത്തില്‍ രാഷ്ട്രീയം ഇല്ലെന്നും കസുമായി മുന്നോട്ട് പോകുമെന്നും ചെന്നീര്‍ക്കര പഞ്ചായത്ത് അംഗം ബിന്ദു ടി ചാക്കോ പറഞ്ഞു. മൂന്ന് സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി തള്ളിയെന്നും അതില്‍ കര്‍ശന നടപടി വേണമെന്നുമാണ് പഞ്ചായത്ത് അംഗം ആവശ്യപ്പെടുന്നത്.
വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. രാത്രി 11 മണിയോട് കൂടി വെട്ടോലമല ഭാഗത്ത് നിന്ന് പെരുമ്പാമ്പിനെ കണ്ടുവെന്ന് പറഞ്ഞ് ഫോണ്‍ കോള്‍ വന്നുവെന്ന് വനം വകുപ്പിനെ വിവരം അറിയിക്കാമെന്ന് അവരോട് പറയുകയും വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നുവെന്നും ബിന്ദു പറയുന്നു. എന്നാല്‍ വനം വകുപ്പില്‍ നിന്ന് വരാന്‍ താമസിച്ചപ്പോള്‍ അതിന്റെ ദേഷ്യത്തിന് നാട്ടുകാരില്‍ കുറച്ച് പേര്‍ ചേര്‍ന്ന് പാമ്പിനെ പിടികൂടി തന്റെ വീട്ടില്‍ കൊണ്ട് തള്ളുകയായിരുന്നുവെന്ന് ബിന്ദു പറഞ്ഞു. വനം വകുപ്പ് എത്തിയാണ് ബിന്ദുവിന്റെ വീട്ടില്‍ നിന്ന് പെരുമ്പാമ്പിനെ കൊണ്ട് പോയത്. വനം വകുപ്പ് വിളിച്ചറിയിച്ച് 40 മിനിറ്റിന് ഉള്ളില്‍ തന്നെ സ്ഥലത്ത് എത്തിയതെന്നാണ് മെമ്പര്‍ പറയുന്നത്.