
ഹൈദരാബാദിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന യാത്രക്കിടെ ശ്വാസതടസ്സം നേരിട്ട യാത്രക്കാരന്
ശുശ്രൂഷ നൽകി ജീവൻ രക്ഷിച്ച യുവ ഡോക്ടർക്ക് അഭിനന്ദന പ്രവാഹം. എറണാകുളം ലെക് ഷൊർ ഹോസ്പിറ്റലിലെ ഡോക്ടറും നന്നമ്പ്ര സ്വദേശി വിപിൻ നാരായണൻ്റെ ഭാര്യയുമായ ഡോ: നിവീനയാണ് യാത്രക്കാരന് രക്ഷയായത്.
ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് ഫ്ലൈറ്റിൽവെച്ച് ശ്വാസതടസ്സം നേരിട്ട് അത്യാസന്ന നിലയിലായത്. യാത്രക്കാരിൽ ഡോക്ടർമാരായ ആരെങ്കിലും ഉണ്ടെങ്കിൽ ഗുരുതരാവസ്ഥയിലുള്ള രോഗിയെ ശുശ്രൂഷിക്കാൻ സഹായിക്കണമെന്ന വിമാനത്തിലെ അനൗൺസ് കേട്ടാണ് എറണാകുളം ലേക് ഷോർ ഹോസ്പിറ്റലിലെ ഡോ. നവീന രോഗിയുടെ അടുത്തേക്ക് ഓടിചെന്ന് പരിശോധിച്ച് പ്രാഥമിക ചികിത്സ നൽകിയത്. ഹൈദരാബാദ് സ്വദേശിയായ യാത്രക്കാരൻ ഡയാലിസിസ് ചെയ്തു കൊണ്ടിരുന്ന വ്യക്തിയായിരുന്നു. ആവശ്യമായ സംവിധാനങ്ങളോ മരുന്നോ ഉപകരണങ്ങളോ വിമാനത്തിൽ ഉണ്ടായിരുന്നില്ല. ആകെ സ്റ്റതസ്കോപ് മാത്രമാണ് ഡോക്ടർക്ക് ലഭിച്ചത്. എങ്കിലും ഉള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഡോക്ടർ രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള ഭഗീരഥ പ്രയത്നം തന്നെ നടത്തി. യാത്രക്കാരുടെ മൊബൈൽ ടോർച്ച് വെളിച്ചത്തിലാണ് ചികിത്സ നടത്തിയത്. ബംഗളുരുവിൽ ഇറക്കി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകണോ എന്ന സംശയത്തിലായിരുന്നു വിമാന ജീവനക്കാർ. എന്നാൽ രോഗിക്ക് നേരിയ ആശ്വാസം തോന്നിയതിനാൽ കൊച്ചിയിൽ തന്നെ ഇറക്കി ഹോസ്പിറ്റൽ ചെയ്താൽ മതി എന്ന് ഡോക്ടർ അറിയിക്കുകയായിരുന്നു. കൊച്ചിയിൽ നിന്ന് രോഗിയെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അത് വരെ ഡോക്ടർ കൂടെ നിന്നു. രോഗിയുടെ വിവരങ്ങൾ ദിനേന ഹോസ്പിറ്റലിൽ അന്വേഷിക്കുകയും ചെയ്തു. രോഗിയും ബന്ധുക്കളും ഡോക്ടർക്ക് നന്ദി പറഞ്ഞാണ് നാട്ടിലേക്ക് മടങ്ങിയത്.
ഇത് തന്റെ കടമയായി കണ്ട ഡോക്ടർ സംഭവം ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ യാത്രക്കാരിൽ നിന്നും വിമാന ജീവനക്കാരിൽ നിന്നും സംഭവമാറിഞ്ഞു അഭിനന്ദനവുമായി എത്തി. വുമൻസ് ഡേക്ക് ഡോക്ടറെ വിവിധ സംഘടനകൾ അഭിനന്ദിച്ചു.
ഡോ: നിവീനയുടെ സ്തുത്യർഹമായ പ്രവർത്തനത്തെ നന്നമ്പ്ര മേലേപ്പുറം സി.യു.സിയുടെ നേതൃത്വത്തിൽ ആദരിച്ചു. മണ്ഡലം പ്രസിഡൻ്റ് എൻ.വി മൂസക്കുട്ടി മെമൊൻ്റൊ നൽകി. കെപിസിസി ഗാന്ധി ദർശൻ സമിതി ജില്ല പ്രസിഡൻ്റ് പി.കെ.എം ബാവ ഷാൾ അണിയിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ധന്യാദാസ് സ്നേഹപുഷ്പം നൽകി. 105ആം ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ദേവദാസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. പി.പി നാരായണൻ, അസൈനാർ കിഴക്കകത്ത്, അക്ബറലി മാളിയേക്കൽ, പി.പി ചന്ദ്രൻ, അനിൽകുമാർ ചെറുമേലേടത്ത്, സിദ്ധീഖ് തെയ്യാല, ഷാഹിദ് കൊടിയേങ്ങൽ, സുബ്രഹ്മണ്യൻ കുന്നുമ്മൽ, ഹംസ പാലക്കാട്ട്, സുനി ചാനത്ത്, പി.പി ഉണ്ണി തുടങ്ങിയവർ സംബന്ധിച്ചു.
നന്നമ്പ്രയിലെ സീനിയർ കോൺഗ്രസ് നേതാവും ഒ.ഐ.സി.സി ഭാരവാഹിയുമായ പി.പി നാരായണൻ്റെ മകൻ വിപിൻ നാരായണൻ്റെ ഭാര്യയാണ് ഡോ: നിവീന.