
ബെംഗളുരു : കര്‍ണാടകത്തില്‍ ബിജെപിയെ തകര്‍ത്ത് കോണ്‍ഗ്രസ് അധികാരത്തില്‍. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം എന്ന പ്രതീതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടാം ഘട്ടം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയാണ് കോണ്‍ഗ്രസ് മുന്നേറിയത്. കര്‍ണാടകയിലെ ആകെയുള്ള ആറ് മേഖലകളില്‍ അഞ്ചിടത്തും വ്യക്തമായ ലീഡ് കോണ്‍ഗ്രസിനാണ്. തീരദേശ കര്‍ണാടകയില്‍ മാത്രമാണ് ബിജെപിക്ക് നേട്ടമുണ്ടാക്കാനായത്. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കക്ഷി നില ഇപ്രകാരമാണ്;
കോണ്‍ഗ്രസ് – 137
ബിജെപി – 64
ജെഡിഎസ് – 19
മറ്റുള്ളവര്‍ – 4
സംസ്ഥാനത്ത് ഉടനീളം ശക്തി തെളിയിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് വന്‍ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്. 43% വോട്ട് വിഹിതമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ആ വോട്ട് വിഹിതം സീറ്റായി മാറി എന്നതാണ് കോണ്‍ഗ്രസിനെ വലിയ നേട്ടത്തിലേക്ക് നയിച്ചത്. 36% വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചു. കഴിഞ്ഞ തവണയും ബിജെപിയുടെ വോട്ട് വിഹിതം 36% തന്നെയായിരുന്നു. എന്നാല്‍ വോട്ട് വിഹിതം ഇക്കുറി സീറ്റായി മാറിയില്ല. വോട്ടു വിഹിതത്തില്‍ ഏറ്റവും വലിയ തിരിച്ചടി ഉണ്ടായത് ജെഡിഎസ്സിനാണ്. ജെഡിഎസ്സിന് കിട്ടിയത് 13.4% വോട്ടുകളാണ്. കഴിഞ്ഞ തവണത്തേ ആപേക്ഷിച്ച് 5% വോട്ടിന്റെ നഷ്ടമാണ് ജെഡിഎസ്സിന് ഉണ്ടായത്.