സി ഡി എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നന്നമ്പ്രയിൽ ലീഗിന് തോൽവി,വിവാദം

ഇന്നലെ നടന്ന കുടുംബശ്രീ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലീഗ് നിർദേശിച്ച സ്ഥാനാർഥിക്ക് കനത്ത തോൽവി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച നന്നംബ്ര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്ന തേറാമ്പിൽ ആസിയയാണ് പരാജയപ്പെട്ടത്. ഇവർക്കെതിരെ മത്സരിച്ച കൈതക്കാട്ടിൽ ഷൈനി 16 വോട്ട് നേടി വിജയിച്ചു. ആസിയക്ക് 5 വോട്ട് മാത്രമാണ് ലഭിച്ചത്. എ ഡി എസ് തിരഞ്ഞെടുപ്പിൽ ലീഗിന് ഭൂരിപക്ഷം ലഭിച്ചിട്ടും സി ഡി എസ് തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഉണ്ടായത് ലീഗ് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. കോണ്ഗ്രസ്, എൽ ഡി എഫ് അംഗങ്ങളുടെ പിന്തുണയോടെയാണ് ഷൈനി തിരഞ്ഞെടുക്കപ്പെട്ടത്. ലീഗിലെ ഒരു വിഭാഗവും സഹായിച്ചു എന്നാണ് അറിയുന്നത്.

കുടുംബശ്രീയിലൂടെ പൊതുപ്രവർത്തന രംഗത്ത് വന്ന ആസിയ മുമ്പ് ഒന്നിലേറെ തവണ സി ഡി എസ് പ്രസിഡന്റ് ആയിട്ടുണ്ട്. 3 തവണ പഞ്ചായത്ത് അംഗമായിരുന്ന ഇവർ കഴിഞ്ഞ തവണ പഞ്ചായത്ത് ബോർഡ് വൈസ് പ്രസിഡന്റ് ആയിരുന്നു. വനിത ലീഗ്. ഭാരവാഹി കൂടി ആയിരുന്നു ഇവർ. ഇവരെ പ്രസിഡന്റ് ആക്കാനാണ് പാർട്ടി തീരുമാനിച്ചിരുന്നത്. കുടുംബശ്രീ അംഗങ്ങൾക്ക് പഞ്ചായത്ത് അംഗങ്ങൾ മുഖേന നിർദേശവും നൽകിയിരുന്നു. എന്നാൽ കുടുംബശ്രീ അംഗങ്ങൾക്കിടയിൽ ഇവരെ പ്രസിഡന്റ് ആക്കുന്നതിൽ എതിർപ്പ് ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്. ഇക്കാര്യം കുടുംബശ്രീ അംഗങ്ങൾ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നത്രെ. എന്നാൽ ഇത് പരിഗണിക്കാതെ ഇവരെ തന്നെ മത്സരിപ്പിച്ചപ്പോൾ ലീഗിലെ ഒരു വിഭാഗവും കോൺഗ്രസ്, എൽ ഡി എഫ് എന്നിവരിൽ പെട്ട അംഗങ്ങളും ചേർന്ന് ഷൈനിയെ മത്സരിപ്പിച്ചു എന്നാണ് അറിയുന്നത്. കോണ്ഗ്രസ് കുടുംബത്തിൽ പെട്ട ആളാണ് ഷൈനി. വൈസ് ചെയർ പേഴ്സൻ സ്ഥാനത്തേക്ക് സി. പ്രിമിനിയെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/C7irCKdijZW4DwQkQX1cSM

അപ്രതീക്ഷിതമായി ഷൈനി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ചപ്പോൾ ലീഗ് നേരത്തെ കണ്ടു വെച്ചിരുന്ന ആൾക്ക് മത്സരിക്കാൻ സാധിച്ചില്ല. എ പി എൽ വിഭാഗത്തിൽ പെട്ട ആൾ പ്രസിഡന്റ് ആയാൽ ബി പി എൽ വിഭാഗത്തിൽ പെട്ട ആളാണ് വൈസ് ചെയർ പേഴ്സണും, ബി പി എൽ വിഭാഗത്തിൽ പെട്ട ആൾ ചെയർ പേഴ്സൻ ആയാൽ എ പി എൽ വിഭാഗത്തിൽ പെട്ട ആളാണ് വൈസ് ചെയർ പേഴ്സൻ ആകേണ്ടത്.

ഇത്തരത്തിൽ ആയിരുന്നു ലീഗ് 2 സ്ഥാനങ്ങളിലേക്കും ആളെ നിശ്ചയിച്ചിരുന്നത്. ചെയർപേഴ്സൻ സ്ഥാനത്തേക്ക് എ പി എൽ വിഭാഗത്തിൽ പെട്ട ആൾ വന്നപ്പോൾ ബി പി എൽ വിഭാഗത്തിൽ പെട്ട ആളെ നേരത്തെ നിശ്ചയിക്കാത്തതിനാൽ ഈ സ്ഥാനത്തേക്ക് മറ്റൊരാളെ മത്സരിപ്പിക്കാനായില്ല. ലീഗിന്റെ ഉന്നത നേതാവും ചില വനിത മെമ്പർമാരും ചേർന്നാണ് അട്ടിമറി നടത്തിയതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഇത് പാർട്ടിയിൽ വലിയ ചർച്ചക്ക് കാരണമായിട്ടുണ്ട്.

നന്നമ്പ്ര പഞ്ചായത്ത് ഭരണ സമിതിയിൽ ലീഗിന് 12, കോണ്ഗ്രെസിന് 5, വെൽഫെയർ പാർട്ടി, സിപിഎം, ബിജെപി, സ്വതന്ത്രൻ എന്നിവർ ഓരോന്ന് വീതം മെംബെർമരനുള്ളത്. ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള പഞ്ചായത്തിലെ അട്ടിമറി പാർട്ടി നേതൃത്വത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ ചര്ച്ച ആയേക്കും.

error: Content is protected !!