തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി
ക്യാമ്പസിൽ പ്ലസ് വൺ വിദ്യാർഥിനി
പീഡനത്തിനിരയായതായി പരാതി. സംഭവത്തിൽ ആരോപണ വിധേയനായ സർവകലാശാല ക്യാമ്പസിലെ സുരക്ഷാ ജീവനക്കാരനെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. സർവകലാശാലയിലെ സുരക്ഷാജീവനക്കാരനും വിമുക്ത ഭടനുമായ വലിക്കുന്ന് അറിയല്ലൂർ പതിനെട്ടാം വീട്ടിൽ മണികണ്ഠനെയാണ് പോക്സോ വകുപ്പ് പ്രാകരം കസ്റ്റഡിയിലെടുത്തത്. കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെന്നും പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും തേഞ്ഞിപ്പലം പോലീസ് അറിയിച്ചു.
കഴിഞ്ഞ ജൂൺ 29നാണ് കേസിനാസ്പദമായ സംഭവം. പരിസരത്തെ സ്കൂളിൽനിന്ന് സുഹൃത്തുക്കളായ മൂന്ന്
വിദ്യാർഥനികൾക്കൊപ്പം സർവകലാശാല കാമ്പസിലെത്തിയതായിരുന്നു പ്ലസ് വൺ
വിദ്യാർഥിനി. കാടുമൂടിയ സ്ഥലത്തുകൂടെ
നടന്നുപോയ ഇവരെ കണ്ട സുരക്ഷാജീവനക്കാരൻ പെൺകുട്ടികളോട് കയർക്കുകയും തിരികെ പോകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇവരിലൊരാളുടെ ഫോൺ നമ്പറും കൈവശപ്പെടുത്തി. തുടർന്ന് കൂട്ടത്തിലൊരു പെൺകുട്ടിയെ ഫോണിൽ തിരികെ വിളിച്ച് ഭീഷണിപ്പെടുത്തി സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. സർവകലാശാലയിലെ കരാർ ജീവനക്കാരനായ പ്രതി സംഭവം നടക്കുമ്പോൾ സെക്യൂരിറ്റി യൂണിഫോമിലായിരുന്നു. ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി സർവകലാശാല അധികൃതർ അറിയിച്ചു.