
തിരുവനന്തപുരം : അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാന്‍ തലസ്ഥാനത്തേക്ക് ജനപ്രവാഹമാണ് ഒഴുകിയെത്തുന്നത്. തിരുവനന്തപുരത്തെ വസതിയില്‍ നിന്ന് വിഎസിന്റെ മൃതദേഹം സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളിലെത്തിച്ചു. പൊതുജര്‍ശനം പുരോഗമിക്കുകയാണ്. വിഎസിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കളും എത്തുന്നുണ്ട്. പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ദര്‍ബാര്‍ ഹാളിലെത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി വരെ ഇവിടെ പൊതുദര്‍ശനം തുടരും. പൊതുദര്‍ശനത്തിന് ശേഷം ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും.
വി.എസിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസില്‍ ആയിരിക്കും. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങള്‍ക്ക് കാണാനും ഉള്ളില്‍ കയറി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിന്റെ സജ്ജീകരണം. ഇന്ന് രാത്രി ഒമ്പത് മണിയോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും.
സാധാരണ കെഎസ്ആര്‍ടിസി ബസില്‍നിന്നും വ്യത്യസ്തമായി ഗ്ലാസ് പാര്‍ട്ടീഷന്‍ ഉള്ള എ.സി. ലോ ഫ്ളോര്‍ ബസാണ് വി.എസ്. അച്യുതാനന്ദന്റെ അന്ത്യയാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വിഎസിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പുഷ്പങ്ങളാല്‍ അലങ്കരിച്ച വാഹനമാണ് ഒരുക്കിയിരിക്കുന്നത്. കുറച്ചു സീറ്റുകള്‍ ഇളക്കിമാറ്റി ചുവന്ന പരവതാനി വിരിച്ചിട്ടുള്ള ബസില്‍ ജനറേറ്റര്‍, ഫ്രീസര്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
നാളെ രാവിലെ ഒമ്പത് മണി മുതല്‍ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് 10 മണി മുതല്‍ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം ഉണ്ടാകും. പുന്നപ്ര വയലാര്‍ സമരസേനാനികളുടെ ഓര്‍മകള്‍ ഉറങ്ങുന്ന വലിയ ചുടുകാട്ടില്‍ വൈകിട്ട് മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം.