ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയും കിര്‍ഗിസ്ഥാന്‍ ഇസ്‌ലാമിക സര്‍വകലാശാലയും തമ്മില്‍ അക്കാദമിക സഹകരണത്തിനു ധാരണയായി.
തലസ്ഥാനമായ ബിഷ്‌കെകിലുള്ള സര്‍വകലാശാലാ കാമ്പസില്‍ വെച്ചു നടന്ന ഔപചാരിക ചടങ്ങില്‍ കിര്‍ഗിസ്ഥാന്‍ സര്‍വകലാശാലാ റെക്ടര്‍ ഡോ. അബ്ദുശ്ശകൂര്‍ നര്‍മദോവും ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും ഇതുസംബന്ധമായ ഔദ്യോഗിക ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും മുന്‍ റെക്ടറുമായ ഡോ. ഇബ്രായേഫ് മാര്‍സ്, ഫാക്കല്‍റ്റി മേധാവികള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
മധ്യേഷ്യന്‍ രാജ്യമായ കിര്‍ഗിസ്ഥാനിലെ പരമോന്നത ഇസ്‌ലാമിക കലാശാല ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സര്‍വകലാശാലയുമായി പരസ്പര സഹകരണത്തിനു കൈകോര്‍ക്കുന്നത്.
ഇസ്‌ലാമിക സര്‍വകലാശാലകളുടെ അന്തര്‍ദേശീയ കൂട്ടായ്മകളായ ഫെഡറേഷന്‍ ഓഫ് ദി യൂനിവേഴ്‌സിറ്റീസ് ഓഫ് ദി ഇസ്‌ലാമിക് വേള്‍ഡ്, ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് എന്നിവയില്‍ നേരത്തെ തന്നെ ദാറുല്‍ ഹുദാ സര്‍വകലാശാലക്ക് അംഗത്വമുണ്ട് . ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മലേഷ്യ, അല്‍ ഖറവിയ്യീന്‍ സര്‍വകലാശാല, മൊറോക്കോ, നെതര്‍ലാന്റ്‌സിലെ റോട്ടര്‍ഡാം ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി തുടങ്ങി ഡസനിലധികം സര്‍വകലാശാലകളുമായി ദാറുല്‍ ഹുദാ നിലവില്‍ സഹകരിക്കുന്നുണ്ട്.