തൃശ്ശൂര്‍: ആത്മഹത്യ ചെയ്ത ട്രാന്സ്മാന് പ്രവീണ്‍ നാഥിന്റെ ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച റിഷാനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, പ്രവീണ്‍ നാഥിന്റെ ആത്മഹത്യയില്‍ പരാതിയുമായി ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ രംഗത്തെത്തി. ഓണ്‍ലൈന്‍ മാധ്യമങ്ങളടക്കം മരണത്തിന് ഉത്തരവാദികളാണെന്ന് ആരോപിച്ച്, നിയമനടപടി ആവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി.
സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവീണിനും ഭാര്യക്കും എതിരെ നടന്ന സൈബര്‍ ആക്രമണവും വാര്‍ത്തകളുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. പാലക്കാട് നെന്മാറയിലുള്ള എലവഞ്ചേരിയാണ് പ്രവീണിന്റെ സ്വദേശം. കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു ട്രാന്‍സ് വുമണ്‍ റിഷാന ഐഷുവുമായുള്ള വിവാഹം. റിഷാന ഐശുവുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത് പ്രവീണിനെ തളര്‍ത്തിയിരുന്നു.
കേരളത്തിലെ ആദ്യ ട്രാന്സ്മാന് ബോഡി ബില്‍ഡറായ പ്രവീണ്‍ നാഥ് ഇന്നലെയാണ് തൃശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍വച്ച് എലിവിഷം കഴിച്ചിരുന്നത്. തൃശ്ശൂരിലെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ പ്രവീണ്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.