
കൊല്ലം: ഷാര്‍ജയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെയുടെയും കുഞ്ഞിന്റെയും മരണം സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഭര്‍ത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, അച്ഛന്‍ മോഹനന്‍ എന്നിവര്‍ക്കെതിരെ കൊല്ലത്ത് റജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അന്വേഷണം. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
2025 ജൂലൈ 9നാണ് വിപഞ്ചികയേയും ഒന്നര വയസ്സുള്ള മകള്‍ വൈഭവിയേയും ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപഞ്ചിക സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ആത്മഹത്യക്കുറിപ്പ് വഴി ഭര്‍തൃകുടുംബത്തില്‍ നിന്ന് വിപഞ്ചിക നേരിട്ട പീഡനങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് ഭര്‍ത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, അച്ഛന്‍ മോഹനന്‍ എന്നിവര്‍ക്കെതിരെ മാതാവ് ഷൈലജ കുണ്ടറ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇവരെ പ്രതികളാക്കി സ്ത്രീധന പീഡന മരണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.
നിലവില്‍ ശാസ്താംകോട്ട ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് പൊലീസ് പറയുന്നു. വിപഞ്ചികയുടെ വീട്ടുകാരുടെ മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൂടാതെ വിപഞ്ചികയുടെ ഫോണും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഫോറന്‍സിക് പരിശോധനയടക്കം നടക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ ഉടന്‍ തന്നെ തീരുമാനിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും അറിയിപ്പുണ്ട്.