ഇടുക്കി അനച്ചാലിനു സമീപം ആമക്കണ്ടത്ത് ഉറങ്ങിക്കിടന്ന ആറുവയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസ്സുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് വധ ശിക്ഷ. നാലു കേസുകളിലായി മരണം വരെ തടവും വിധിച്ചിട്ടുണ്ട്. ആകെ 92 വര്‍ഷം തടവാണ് വിധിച്ചത്. കുട്ടികളുടെ മാതാവിന്റെ സഹോദരീ ഭര്‍ത്താവായ അന്‍പതുകാരനെയാണ് ഇടുക്കി അതിവേഗ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.
ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു കൊലപ്പെടുത്തിയത്. അമ്മയെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇതിനു ശേഷമാണ് 14 വയസ്സുകാരിയായ സഹോദരിയെ ഏലത്തോട്ടത്തില്‍ വച്ച് ഇയാള്‍ ബലാത്സംഗം ചെയ്തതത്.
2021 ഒക്ടോബര്‍ രണ്ടിനു പുലര്‍ച്ചെ 3 മണിക്കായിരുന്നു സംഭവം നടന്നത്. അതിര്‍ത്തിത്തര്‍ക്കവും കുടുംബ വഴക്കുമായിരുന്നു ആക്രമണത്തിനു കാരണം. പ്രതിയുടെ ഭാര്യ വേര്‍പിരിഞ്ഞു താമസിക്കാന്‍ കാരണം ഭാര്യയുടെ സഹോദരിയും അമ്മയുമാണെന്ന വിശ്വാസമാണ് കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചത്. ഭാര്യാമാതാവിന്റെ വീട്ടിലെത്തിയ പ്രതി അടുക്കള വാതില്‍ തകര്‍ത്ത് അകത്തുകയറി അവരെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി. പിന്നെ ഏഴുവയസ്സുകാരനായ ചെറുമകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അവിടെ നിന്നിറങ്ങി ഭാര്യാസഹോദരിയുടെ വീട്ടിലെത്തി അവരെയും ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം പതിനാലുകാരിയായ മകളെ ഉപദ്രവിക്കുകയായിരുന്നു. വെള്ളത്തൂവല്‍ പോലീസാണ് കേസില്‍ കുറ്റപത്രം സമപ്പിച്ചത്.