ഒരു രേഖയുമില്ലാതെ ഓടിയ ‘പറക്കും തളികയെ’ പൊക്കി മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി: നിരത്തിലിറക്കാൻ ഒരു രേഖയും ഇല്ലാതെ യാത്രക്കാരുടെ ജീവൻ വച്ച് സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ പിടികൂടി. ബസിന് ടാക്സ് അടക്കാതെയും ഇൻഷുറൻസ് ഇല്ലാതെയും, പെർമിറ്റും, ഫിറ്റ്നസും എടുക്കാതെയും, വാഹനപുക പരിശോധിക്കാതെയും കാവിലാക്കാവിൽ നിന്ന് തിരൂരിലേക്ക് സർവീസ് നടത്തുന്ന ഫ്രണ്ട്ഷിപ്പ് എന്ന ബസാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ജില്ല എൻഫോഴ്മെൻ്റ് ആർ ടി ഒ കെ കെ സുരേഷ് കുമാറിൻ്റ നിർദ്ദേശപ്രകാരം ദേശീയ സംസ്ഥാന പാതയിൽ പരിശോധന നടത്തുന്ന എൻഫോഴ്സ്മെൻ്റ് എം വി ഐ കെ നിസാർ, എ എം വി ഐമാരായ പി അജീഷ്, പി കെ മനോഹരൻ എന്നിവർ പരിശോധനയ്ക്കിടെ മൊബൈൽ ആപ്പിൽ ഫിറ്റ്നസ്, പെർമിറ്റ്, ഇൻഷുറൻസ്, ടാക്സ് ഉൾപ്പെടെ മറ്റു രേഖകൾ ഒന്നും തന്നെ ഇല്ല എന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ പുറത്തൂർ പുതുപ്പള്ളിയിൽ വച്ച് പിടികൂടിയത്. യാത്രക്കാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി ഉദ്യോഗസ്ഥർ ബസ് സർവീസ് നിർത്തിവെപ്പിച്ചു. ബസിനെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തു. യാത്രക്കാർക്ക് ഉദ്യോഗസ്ഥർ തന്നെ മറ്റ് ബസുകളിൽ തുടർ യാത്രക്കുള്ള സൗകര്യമൊരുക്കുകയും ചെയ്തു.

error: Content is protected !!