കൊടിഞ്ഞി ജി എം യു പി സ്കൂൾ പി ടി എ ജനറൽ ബോഡി യോഗം ബഹളത്തിൽ കലാശിച്ചു. ഇതേ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റി വെച്ചു. ഇന്ന് ഉച്ചയ്ക്ക് നടന്ന ജനറൽ ബോഡി യോഗമാണ് ബഹളത്തിൽ കലാശിച്ചത്. നിലവിലെ കമ്മിറ്റി കണക്കും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ച ശേഷം പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കുന്ന നടപടികളിലേക്ക് കടന്നു അല്പം കഴിഞ്ഞപ്പോഴേക്കും ബഹളം തുടങ്ങി. കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ട ആളുകളുടെ പേര് ചേർക്കുന്നത് സംബന്ധിച്ചാണ് തർക്കം തുടങ്ങിയത്. ഒരു വിഭാഗത്തിന്റെ പേര് മാത്രമേ എഴുതുന്നുള്ളൂ എന്ന് ആരോപിച്ചു ഒരു വിഭാഗം ബഹളം വെച്ചു. പഴയ കമ്മിറ്റിയിൽ ഉണ്ടായിരുന്ന വരെ മാറ്റണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ അത് പറ്റില്ലെന്നും മറ്റുള്ളവർക്കും പേര് നിര്ദേശിക്കാമെന്ന പ്രധാനാധ്യാപിക പറഞ്ഞു. 12 അംഗങ്ങളാണ് രക്ഷാ കർത്താക്കളിൽ നിന്ന് വേണ്ടത്. എന്നാൽ ഇരു വിഭാഗവും പേരുകൾ നിര്ദേശിക്കപ്പെട്ടതോടെ 17 ആളുകൾ ആയി. ഇതിൽ നിന്ന് 5 പേരെ ഒഴിവാക്കി 12 പേരെയാക്കി ചുരുക്കണമെന്നു തിരഞ്ഞെടുപ്പ് നിയന്ത്രിച്ച പ്രധാനാധ്യാപിക പറഞ്ഞു. ആദ്യം എഴുതിയ പഴയ കമ്മറ്റിയിൽ ഉൾപ്പെട്ടവരെ ഒഴിവാക്കണമെന്ന് ഒരു വിഭാഗവും പറ്റില്ലെന്ന് മറു വിഭാഗവും വാദിച്ചു. ബഹളം ആയതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള രക്ഷിതാക്കൾ പോയി. ബഹളം തുടർന്നതോടെ അടുത്ത തവണ വോട്ടിംഗ് നടത്താമെന്ന് പ്രഖ്യാപിച്ച് യോഗം പിരിച്ചു വിടുകയായിരുന്നു. യോഗം വാർഡ് മെമ്പർ തസ്ലീന പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മനാഫ് കൊന്നക്കൽ അധ്യക്ഷം വഹിച്ചു. പ്രധാനാധ്യാപിക അനിത ടീച്ചർ, ശശി കുമാർ മാസ്റ്റർ, ഊർപ്പായി സൈതലവി തുടങ്ങിയവർ പ്രസംഗിച്ചു.