
നന്നമ്പ്ര: ഓഫീസിൽ സ്ഥിരമായി വില്ലേജ് ഓഫീസർ വരാത്തത് കാരണം ജനങ്ങൾ ദുരിതത്തിൽ. പുതുതായി ചുമതലയേറ്റ വിലേജ് ഓഫീസറാണ് തോന്നുമ്പോൾ മാത്രം ഓഫീസിൽ വരുന്നതായി നാട്ടുകാർ പരാതിപ്പെടുന്നത്. ഇവർ ഔദ്യോഗിക ഫോൺ എടുക്കാത്തത് ദുരിതം ഇരട്ടിയാക്കുന്നു.
പഴയ വില്ലേജ് ഓഫീസർ സ്ഥലം മാറിപ്പോയതിനെ തുടർന്ന് ഏറെക്കാലം ഓഫീസർ ഇല്ലായിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധിച്ചതിനെ തുടർന്നാണ് ഓഫീസർ ചുമതലയേറ്റത്. തുടർന്ന് അവധിയിൽ പോകുകയും ചെയ്തു.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ .. https://chat.whatsapp.com/EmQnMrAHGkKALQ8QQgOH6N
സ്കോളർഷിപ്പിനുള്ള വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ ആയിരക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുമ്പോഴാണ് ഇവർ അവധി യിൽ പോയത്. പ്രതിഷേധം ഉണ്ടായതോടെ ഇടക്ക് ഓഫീസിൽ വന്നെങ്കിലും ഇടക്കിടെ വീണ്ടും അവധി യായി. വീട്ടിലിരുന്ന് അപേക്ഷകൾ നോക്കുകയാണ് എന്നാണ് ഓഫീസിൽ വരുന്നവരോട് ജീവനക്കാർ പറഞ്ഞിരുന്നത്. എന്നാൽ അപേക്ഷകർക്ക് സർട്ടിഫിക്കറ്റുകൾ യഥാസമയം ലഭിച്ചിരുന്നില്ല. ഇതിനേക്കാൾ വലിയ ദുരിതം ഇവർ ഫോൺ എടുക്കാത്തതാണ്. ഓഫിസിൽ ലാൻഡ് ഫോൺ ഇല്ലാത്തതിനാൽ ഔദ്യോഗിക മൊബൈൽ ഫോൺ മാത്രമാണ് ആശ്രയം. എന്നാൽ ഒരു ദിവസം മുഴുവൻ ഇരുന്ന് വിളിച്ചാലും ഇവർ ഫോൺ എടുക്കാറില്ല. അത്യാഹിതങ്ങൾ ഉൾപ്പെടെ മറ്റു വിവരങ്ങൾ കൂടി വില്ലേജ് അധികൃതരെ അറിയിക്കാൻ കൂടിയുള്ളതാണ് ഈ ഫോൺ നമ്പർ. മാത്രമല്ല, ഓഫീസർ ഉണ്ടോ എന്ന് അറിയാനും ആളുകൾ വിളിക്കാറുണ്ട്. എന്നാൽ ഈ ഫോൺ ഇവർ അറ്റൻഡ് ചെയ്യാറെ ഇല്ല. മാത്രമല്ല, വില്ലേജിന്റെ ഒരു അതിരിൽ തെയ്യാല കുണ്ടൂർ റോഡിലാണ് ഓഫിസ്. മറ്റു ഭാഗത്തുള്ളവർക്ക് ഈ ഓഫീസിലെത്താൻ ഒന്നിലേറെ ബസുകൾ കയറി ഇറങ്ങണം, അല്ലെങ്കിൽ ടാക്സി വിളിക്കണം. ഇത്തരത്തിൽ പണിപ്പെട്ട് ഓഫീസിൽ എത്തുമ്പോഴാണ് ഓഫീസർ ഇല്ലാത്ത വിവരം അറിയുക. ഇതേ തുടർന്ന് പലപ്പോഴും ഓഫിസിൽ ബഹളം ഉണ്ടാകാറുണ്ട്. താലൂക് ഓഫീസിൽ അറിയിച്ചിട്ടും പരിഹാരം കാണുന്നില്ലെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആരോപിക്കുന്നു.