പാലക്കാട്: തന്റെ ആരോപണങ്ങളിൽ ഉറച്ചിനിൽക്കുന്നുവെന്ന് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റപ്പെട്ട ഡോ. ആർ പ്രഭുദാസ്. സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയാണെങ്കിൽ തെളിവ് നൽകാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചുമതലയേറ്റെടുത്ത കാലം മുതൽ ആശുപത്രി നന്നാക്കാൻ ശ്രമിച്ചപ്പോഴുള്ള പ്രശ്നങ്ങൾ അന്ന് തൊട്ട് ഇന്നുവരെ ഒരുപോലെ നിലനിൽക്കുന്നുണ്ട്.
അട്ടപ്പാടിയിലെ ജനങ്ങളെ സഹായിക്കാൻ കഴിയുന്നപോലെ പ്രവർത്തിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് നല്ല നിലയിൽ നേതൃത്വം നൽകാനാണ് ശ്രമിച്ചത്. പ്രവർത്തനങ്ങളിൽ പൂർണ തൃപ്തനാണെന്നും ഇതിനിടയിൽ സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച ഡോക്ടർക്കുള്ള പുരസ്കാരം നേടാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണം പ്രഖ്യാപിച്ചാൽ സ്വാഭാവികമായും തെളിവ് നൽകാൻ ബാധ്യസ്ഥനാണ്. അപ്പോൾ പരാതി നൽകിയവരും തെളിവ് നൽകിയവരും എല്ലാം രംഗത്ത് വരട്ടെ. അപ്പോൾ തനിക്ക് പറയാനുള്ളത് പറയും. തെളിവ് നൽകാനുള്ളത് നൽകും. അട്ടപ്പാടിയിലെ ആശുപത്രി നന്നാക്കിയതിന്റെ പേരിൽ എന്തെങ്കിലും ശിക്ഷ കിട്ടുന്നുവെങ്കിൽ ആയിക്കോട്ടേയെന്നും ഡോക്ടർ പ്രഭുദാസ് പറഞ്ഞു.
വാട്‌സ്ആപ്പിൽ വാർത്ത ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ തിരൂരങ്ങാടി താലൂക് ആശുപത്രിയിൽ അദ്ദേഹം ചുമതലയേറ്റു. രണ്ടാം ശനിയും നാളെ ഞായറും ആയതിനാൽ തിങ്കളാഴ്‌ച ഉണ്ടാകൂ എന്ന പ്രതീക്ഷയിലായിരുന്നു ജീവനക്കാർ. ചുമതല ഏൽക്കാൻ വരുന്നുണ്ടെന്ന് വിവരത്തെ തുടർന്ന് ജീവനക്കാർ എത്തി. ഡോക്ടർമാരും ജീവനക്കാരും ചേർന്നു സ്വീകരിച്ചു. യൂത്ത് ലീഗ് പ്രവർത്തകർ ബൊക്കെ നൽകി സ്വീകരിക്കുകയും ലഡു വിതരണം ചെയ്യുകയും ചെയ്തു. സർക്കാരിന്റെ തെറ്റായ നടപടി ചോദ്യം ചെയ്തതിലും ഒന്നര വർഷമായി സൂപ്രണ്ട് ഇല്ലാതെ താളം തെറ്റിയിരുന്ന ആശുപത്രിയിൽ സൂപ്രണ്ട് എത്തിയതിലുമാണ് ലഡു വിതരണമെന്ന ജില്ലാ യൂത്ത് ലീഗ് സെക്രെട്ടറി ശരീഫ് വടക്കയിൽ, മണ്ഡലം സെക്രെട്ടറി യു എ റസാഖ് എന്നിവർ പറഞ്ഞു. കൗണ്സിലർമാരായ ജാഫർ കുന്നത്തേരി, അഹമ്മദ് കുട്ടി കക്കടവത്ത്, എന്നിവരും മാലിക് കുന്നത്തേരി, അമീർ സഹീർ എന്നിവരും നേതൃത്വം നൽകി.