ദ്രൗപദി മുർമു ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി

കേരളത്തിൽ നിന്നും അപ്രതീക്ഷിതമായി വോട്ട്

ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപദി മുർമുവിന് ചരിത്ര വിജയം. ആകെ വോട്ടുകളുടെ 64 ശതമാനം നേടിയ മുർമുവിനെ വിജയിയായി പ്രഖ്യാപിച്ചു. മുർമുവിന് 6,76,803 ആണ് ആകെ വോട്ടുമൂല്യം ലഭിച്ചത്. യശ്വന്ത് സിൻഹയ്ക്ക് 3,80,177 ആണ് ലഭിച്ച വോട്ടുമൂല്യം. 4754 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ 53 എണ്ണം അസാധുവായി.

രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ തന്നെ മൊത്തം വോട്ടുമൂല്യത്തിന്റെ 50 ശതമാനത്തിലധികം മുർമു നേടിയിരുന്നു. കേരളം, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളായിരുന്നു ഈ റൗണ്ടിൽ എണ്ണിയത്. ഇതോടെ, ആകെയുള്ള 3,219 വോട്ടിൽ മുർമുവിന് 2161 വോട്ടും (വോട്ടുമൂല്യം – 5,77,777), യശ്വന്ത് സിൻഹയ്ക്ക് 1058 വോട്ടും (വോട്ടുമൂല്യം – 2.61.062) ലഭിച്ചു. വോട്ടെണ്ണൽ പൂർത്തിയായതോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പി.സി. മോദിയാണ് ഫലം പ്രഖ്യാപിച്ചത്.

രണ്ടാം റൗണ്ടിലും മുർമുവിന് വൻ ലീഡ് ലഭിച്ചിരുന്നു. ഇംഗ്ലിഷ് അക്ഷരമാലക്രമത്തിൽ ആദ്യ പത്തു സംസ്ഥാനങ്ങളുടെ വോട്ടുകൾ എണ്ണിയപ്പോൾ മുർമുവിന് 809 വോട്ടാണ് ലഭിച്ചത്. 1,05,299 ആണ് ഇതിന്റെ മൂല്യം. യശ്വന്ത് സിൻഹയ്ക്ക് 329 വോട്ടും(മൂല്യം 44,276) ലഭിച്ചു.

ലോക്സഭാ, രാജ്യസഭാ എംപിമാരുടെ വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ ആദ്യ റൗണ്ടിൽ 540 പേരുടെ പിന്തുണയാണ് മുർമുവിനു ലഭിച്ചത്. യശ്വന്ത് സിൻഹയ്ക്ക് 208 എംപിമാരുടെ പിന്തുണയും ലഭിച്ചു. ആകെ 748 എംപി വോട്ടുകളാണ് ഉണ്ടായിരുന്നത്. മുർമുവിനു ആദ്യ റൗണ്ടിൽ കിട്ടിയ 540 വോട്ടുകളുടെ മൂല്യം 3,78,000 ആണ്. സിൻഹയ്ക്ക് ലഭിച്ച വോട്ടുകളുടെ മൂല്യം 1,45,600. 

ഓരോ റൗണ്ടിലും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണ് മുർമു ലീഡ് ചെയ്തത്. ആന്ധ്ര പ്രദേശിൽ നിന്ന് എല്ലാ എം എൽ എ മാരുടെയും വോട്ട് മുർമുവിന് ലഭിച്ചു. അരുണാചാലിൽ 4 പേരുടേത് ഒഴികെയും. എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമു വിജയം ഉറപ്പിച്ചിരുന്നു. പ്രതിപക്ഷത്തെ ചില കക്ഷികളും അവർക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു. എംപിമാരും എംഎല്‍എമാരും അടങ്ങിയ ഇലക്ട്രല്‍ കോളജിലെ 4,796 പേരാണ് വോട്ടുരേഖപ്പെടുത്തിയത്. 99% പോളിങ് ഉണ്ടായിരുന്നു. കേരളം അടക്കം 12 ഇടങ്ങളില്‍ 100% പോളിങ് രേഖപ്പെടുത്തിയിരുന്നു. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും പുറമേ ബിജെഡി, ബിഎസ്പി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍, ശിവസേന, ജെഎംഎം എന്നീ പാര്‍ട്ടികളുടെയും പിന്തുണ ദ്രൗപദി മുര്‍മുവിനു കിട്ടി.

അതേ സമയം കേരളത്തിൽ നിന്നും അപ്ര തീക്ഷിതമായി ഒരു വോട്ട് ലഭിച്ചു. മുഴുവൻ വോട്ടുകളും പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന കേരളത്തിലും ക്രോസ് വോട്ടിങ് നടന്നുവെന്നാണ് വിവരം. എൽഡിഎഫ്, യുഡിഎഫ് എംപിമാരും എംഎൽഎമാരും മാത്രമുള്ള കേരളത്തിൽ നിന്നും ഒരു എംഎൽഎയുടെ വോട്ടാണ് ദ്രൗപദി മുർവുവിന് ലഭിച്ചത്. ഇത് ആരാണെന്നു വ്യക്തമല്ല.

error: Content is protected !!