തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ എട്ടാം ക്ലാസ് വിദ്യാർഥികൾ തിങ്കളാഴ്ച മുതൽ സ്കൂളുകളിൽ പോകേണ്ടിവരും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതു സംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകി. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ത്തനീഷാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ എട്ടാം ക്ലാസുകാർ പതിനഞ്ചാം തീയതി മുതൽ സ്കൂളുകളിൽ പോകണം എന്നായിരുന്നു തീരുമാനം. എന്നാൽ, അധ്യായനം ആരംഭിച്ചശേഷം സ്കൂളുകളിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് ഡയറക്ടർ എട്ടാം ക്ലാസുകളും തുറക്കണമെന്ന് ശുപാർശ നൽകിയത്.
വിദ്യാർഥികളുടെ പഠനനേട്ടവും അധ്യയന സാഹചര്യവും വിലയിരുത്താനായി നടത്തുന്ന നാഷണൽ അച്ചീവ്മെന്റ് സർവെ ഈ മാസം പന്ത്രണ്ടിന് നടക്കുന്ന സാഹചര്യത്തിലാണ് മുൻതീരുമാനം തിരുത്താൻ വിദ്യാഭ്യാസ ഡയറക്ടർ ശുപാർശ നൽകിയതെന്നാണ് അറിയുന്നത്. 3, 5, 8 ക്ലാസ്സുകൾ കേന്ദ്രീകരിച്ചുകൊണ്ടാണ് മന്ത്രാലയത്തിന്റെ സർവേ. ക്ലാസ്സുകൾ തുടങ്ങാൻ വൈകിയാൽ കേരളം മാനവവിഭശേഷി മന്ത്രാലയത്തിന്റെ ദേശീയ തലത്തിലുള്ള സർവേയിൽ നിന്നും പുറന്തള്ളപ്പെടാൻ സാധ്യതയുള്ളതിനാലാണ് എട്ടാം ക്ലാസ് നേരത്തെ തുടങ്ങാൻ തീരുമാനിച്ചത്.
ഒന്ന് മുതൽ ഏഴ് വരെയും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് നവംബർ ഒന്നിന് ആരംഭിച്ചത്. ഈ ശുപാർശയ്ക്ക് സർക്കാർ അനുമതി നൽകുകയാണെങ്കിൽ പത്തൊൻപത് മാസത്തിനുശേഷമായിരിക്കും എട്ടാം ക്ലാസുകാർ വീണ്ടും സ്കൂളുകളിൽ എത്തുക. അതേസമയം ഒൻപതാം ക്ലാസ്, പ്ലസ്വൺ ക്ലാസുകൾ പതിനഞ്ചിന് മാത്രമേ തുറക്കുകയുള്ളൂ.
സംസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള റെഗുലർ ക്ലാസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. നവംബർ 15 ന് ആരംഭിക്കാൻ തീരുമാനിച്ച ക്ലാസുകൾ നാഷണൽ അച്ചീവ്മെന്റ് സർവേ കണക്കിലെടുത്ത് നേരത്തെ ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്ലസ് വൺ, ഒമ്പത് ക്ലാസുകൾ പതിനഞ്ച് മുതൽ തന്നെ ആരംഭിക്കും.