വള്ളിക്കുന്ന് : പക്ഷാഘാതം ബാധിച്ച് തളർന്ന വ്യാപാരിയെ പട്ടാപ്പകൽ കടയിൽ ആക്രമിച്ച് കൈയും കാലും കെട്ടിയിട്ട് പണം കവർന്നതായി പരാതി.
വള്ളിക്കുന്ന് നോർത്ത് ആനയാറങ്ങാടിയിൽ വീടിനോട് ചേർന്ന് സ്റ്റേഷനറി കച്ചവടം നടത്തുന്ന ചുക്കാൻവീട്ടിൽ അബുബക്കറി (60) നെയാണ് കടയിലെത്തിയ രണ്ടുപേർ ആക്രമിച്ച് പണവുമായി കടന്നത്. വെള്ളിയാഴ്ച പകൽ മൂന്നിനും നാലിനും ഇടയിലാണ് സംഭവം.
സാധനം വാങ്ങിച്ച രണ്ടുപേർ 500 രൂപ നോട്ട് നൽകി. ബാക്കി തുക നൽകുന്നതിനായി പണം സൂക്ഷിച്ച ടിൻ എടുക്കുന്നതിനിടെ പിന്നിൽ നിന്നും ആക്രമിച്ച് വീഴ്ത്തി 10000 ത്തോളം രൂപ കവർന്ന് കടയുടെ ഷട്ടർ പൂട്ടി അക്രമികൾ രക്ഷപ്പെടുകയായിരുന്നു.
വീട്ടിലില്ലാതിരുന്ന ഭാര്യ തിരിച്ചെത്തിയപ്പോൾ കട അടഞ്ഞ് കിടക്കുന്നതും ഭർത്താവിന കാണാതായതും സംശയിച്ച് ഷട്ടർ തുറന്ന് നോക്കിയപ്പോൾ കൈകാലുകൾ കെട്ടിയിട്ട് നിലത്ത് കിടക്കുന്ന നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. മകളുടെ പരാതിയിൽ പരപ്പനങ്ങാടി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.