മലപ്പുറം : വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതിനായി മലപ്പുറം, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഇവിഎം/വിവിപാറ്റ് വെയര്‍ഹൗസുകളുടെ ഉദ്ഘാടനം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍വഹിച്ചു. മലപ്പുറം സിവില്‍ സ്റ്റേഷനിലെ ഇവിഎം/വിവിപാറ്റ് വെയര്‍ഹൗസില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ വി. ആര്‍. പ്രേംകുമാര്‍ അധ്യക്ഷനായി. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ വെയര്‍ഹൗസുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായാണ് നിര്‍വഹിച്ചത്.
തെരഞ്ഞെടുപ്പ് സംവിധാനം സുതാര്യമാക്കുന്നതില്‍ വെയര്‍ഹൗസുകള്‍ക്ക് ഏറെ പ്രധാന്യമുള്ളതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. വോട്ടിങ് യന്ത്രങ്ങള്‍ വിവിധയിടങ്ങളില്‍ സൂക്ഷിക്കേണ്ടി വരുമ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് ഇതിലൂടെ പരിഹാരമാകും. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്ക് മുന്‍കൂര്‍ അനുമതിയോടെ വെയര്‍ഹൗസുകളിലെത്തി വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാമെന്നും അതുവഴി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത കൂടുതല്‍ ഉയര്‍ത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ്, കണ്ണൂര്‍ ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ എന്നിവര്‍ ഓണ്‍ലാനായി പരിപാടിയില്‍ പങ്കെടുത്തു. എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. ലത, എ. രാധ എന്നിവര്‍ സംസാരിച്ചു.