
കോഴിക്കോട് : കൃഷിയിൽ പുത്തൻ പരീക്ഷണവുമായി വിശ്രമമില്ലാതെ വിയർപ്പൊഴുക്കി വിജയം തീർക്കുകയാണ് കുട്ടമ്പൂരിലെ വിമുക്തഭടൻ തൽപ്പാടി രാഹുലൻ. 28 വർഷത്തെ സൈനിക സേവനത്തിനു ശേഷം വിരമിച്ച ഇദ്ദേഹം കുട്ടമ്പൂർ വയലിനെ ഹരിതാപമാക്കി മാറ്റുകയാണ്. ജൂനിയർ കമ്മീഷൻ ഓഫീസറായി സൈന്യത്തിൽ നിന്ന് വിരമിച്ചതിനുശേഷം ജൻഡർ പാർക്കിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുന്ന രാഹുലൻ ജോലി കഴിഞ്ഞുള്ള ബാക്കി സമയത്താണ് കാർഷിക കാര്യങ്ങൾ ചെയ്യുന്നത്.
സ്വന്തമായുള്ളതും പാട്ടത്തിനെടുത്തതുമായ സ്ഥലത്താണ് കൃഷിയിറക്കാറുള്ളത്. പൂർണ്ണമായും ജൈവകൃഷി രീതിയാണ് പിന്തുടരുന്നത്. വിവിധ തരം വാഴകൾ ഇടവിളകൃഷികളായ കപ്പ, ചേമ്പ്, മഞ്ഞൾ എന്നിവയും പാവൽ, വെണ്ട, പയർ, ചീര, വെള്ളരി തുടങ്ങി വിവിധ പച്ചക്കറികളും രാഹുലൻ കൃഷി ചെയ്യാറുണ്ട്. ജലസേചനത്തിന് കിണറും മോട്ടറും ഘടിപ്പിച്ച് ജലസേചന സൗകര്യം ഒരുക്കിയതിനാൽ കടുത്ത വേനലിലും കൃഷി ചെയ്യാൻ രാഹുലന് സാധിക്കുന്നുണ്ട്. ഇക്കഴിഞ്ഞ വർഷം വിഷരഹിത പച്ചക്കറികൾ സമീപത്തെ അങ്ങാടികളിൽ വിൽപ്പനക്കായി എത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ഈ കർഷകൻ പങ്കുവെക്കുന്നുണ്ട്.
സൈന്യത്തിൽനിന്നു ലഭിച്ച അടുക്കും ചിട്ടയും കൃഷിയിലും കാണിക്കുന്നതാണ് കൃഷിയുടെ വിജയ രഹസ്യമായി രാഹുലൻ പറയുന്നത്. ശക്തമായ വേനൽ മഴ കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും വാഴ, കപ്പ, മറ്റു കിഴങ്ങുവർഗങ്ങളുടെ കൃഷിക്ക് ജൈവ രീതിയിലുള്ള കഷായങ്ങൾ നിർമ്മിച്ച് ഉപയോഗിക്കുന്നത് ഗുണം ചെയ്തിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു. കാട്ടുപന്നികളുടെ ശല്യമാണ് കൃഷിയുടെ വ്യാപനത്തിന് പ്രധാന വെല്ലുവിളി. പന്നികളെ തുരത്താൻ അധികൃതരുടെ ഭാഗത്തു നിന്നും നടപടികൾ ശക്തമാക്കണമെന്നാണ് രാഹുലൻ പറയുന്നത്.