Saturday, February 28

കുവൈറ്റ്, ബഹ്‌റൈൻ, അബുദാബി എന്നിവിടങ്ങളില്‍ സ്ഫോടന ശബ്ദം; തിരിച്ചടിക്ക് ഒരുങ്ങിയിരിക്കാൻ ഇസ്രായേലിനോട് ഇറാൻ

അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ ഒരേസമയം ഇസ്രായേല്‍, ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തു.
യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ സ്ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുകയും ഖത്തറിലെ മിസൈല്‍ പ്രതിരോധ സംവിധാനം മിസൈലുകളെ തകർക്കുകയും ചെയ്തു.

അബുദാബിയിലെയും ഖത്തറിലെ ദോഹയിലെയും യുഎസ് വ്യോമതാവളങ്ങള്‍ ആക്രമിക്കപ്പെട്ടോ എന്ന് വ്യക്തമല്ല. അബുദാബിയിലെ അല്‍ ദഫ്ര എയർബേസ് യു.എ.ഇയും അമേരിക്കയും സംയുക്തമായാണ് ഉപയോഗിക്കുന്നത്. ദോഹയിലെ അല്‍ ഉദൈദ് എയർബേസ് അമേരിക്കൻ സെൻട്രല്‍ കമാൻഡിന്റെ ആസ്ഥാനമാണ്. ദ്വീപ് രാഷ്ട്രമായ ബഹ്‌റൈനില്‍ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പല്‍ വ്യൂഹത്തിന്റെ ആസ്ഥാനത്തിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു.

ഇറാനില്‍ നിന്ന് ഇസ്രായേലിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി ഇസ്രായേല്‍ പ്രതിരോധ സേന (IDF) സ്ഥിരീകരിച്ചു. സ്രായേല്‍ നഗരമായ തെല്‍ അവീവില്‍ ഇറാന്റെ മിസൈല്‍ പതിച്ചതായി റിപ്പോര്‍ട്ട്.തെല്‍ അവീവില്‍ സ്‌ഫോടനം നടന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഭീഷണികളെ നേരിടാൻ പ്രതിരോധ സംവിധാനങ്ങള്‍ ഉടനടി സജ്ജമാക്കിയതായും ബന്ധപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും മൊബൈല്‍ ഫോണുകള്‍ വഴി നിർദ്ദേശം നല്‍കിയിട്ടുണ്ട്. ആഗോളതലത്തില്‍ നടന്ന ആണവ ചർച്ചകളും മേഖലയിലെ സൈനിക നീക്കങ്ങളും പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ നേരിട്ടുള്ള സംഘർഷം ഉണ്ടായിരിക്കുന്നത്.

തിരിച്ചടി നേരിടാൻ തയ്യാറെടുക്കാൻ ഇസ്രായേലിനോട് ഇറാൻ ആവശ്യപ്പെട്ടതായി അല്‍ ജസീറ റിപ്പോർട്ട് ചെയ്തു. തങ്ങളുടെ പ്രതികരണം പരസ്യമായിരിക്കുമെന്നും ഇനി ഇതില്‍ അതിർവരമ്പുകള്‍ ഇല്ലെന്നും മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മിഡില്‍ ഈസ്റ്റിലെ എല്ലാ അമേരിക്കൻ-ഇസ്രായേല്‍ താല്പര്യങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്നും മുൻപ് ചിന്തിക്കാത്ത തരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അമേരിക്കയും ഇസ്രായേലും ചേർന്ന് ആരംഭിച്ച ഈ യുദ്ധത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും തങ്ങളുടെ സങ്കീർണ്ണമായ തിരിച്ചടിക്ക് സമയപരിധി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനോട് സംയമനം പാലിക്കാൻ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി

error: Content is protected !!