ചികിത്സയിലെ വീഴ്ച: ഡോക്ടർ 5 ലക്ഷം രൂപ നഷ്ടപരിഹാരവും ചികിത്സാ ചെലവും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

മലപ്പുറം: ശസ്ത്രക്രിയയിലെ പിഴവ് മൂലം രോഗിക്കുണ്ടായ പ്രയാസങ്ങള്‍ക്കും ചികിത്സാ ചെലവിനും ഗൈനക്കോളജിസ്റ്റിനോട് നഷ്ടപരിഹാരവും ചികിത്സാ ചെലവും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും ചികിത്സാ ചെലവായ 35,000 രൂപയും കോടതി ചെലവായ 10,000 രൂപയും ഒരു മാസത്തിനകം നല്‍കാനാണ് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍ മെമ്പറുമായ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്. അല്ലാത്ത പക്ഷം വിധിസംഖ്യ നല്‍കുന്നതുവരെ 12 ശതമാനം പലിശ നല്‍കുന്നതിനും കമ്മീഷന്‍ ഉത്തരവിട്ടു.

പാന്‍ക്രിയാസിന് ശസ്ത്രക്രിയ നടത്തിയിരിക്കെ ഗര്‍ഭധാരണവും പ്രസവവും അപകടകരമാണെന്ന് നിര്‍ദ്ദേശിച്ചതിനാല്‍ ഗര്‍ഭം ഒഴിവാക്കുന്നതിനും ഭാവിയില്‍ ഗര്‍ഭം ധരിക്കാതെയിരിക്കാനുമുള്ള ശസ്ത്രക്രിയ നടത്തുന്നതിനാണ് പരാതിക്കാരി  ഡോക്ടറെ സമീപിച്ചത്.  വിജയകരമായി ശസ്ത്രക്രിയ നടത്തിയെന്ന് ഡോക്ടര്‍ അറിയിച്ചെങ്കിലും രണ്ടു മാസം കഴിഞ്ഞ് വീണ്ടും പരിശോധിച്ചപ്പോള്‍ നേരത്തെയുണ്ടായിരുന്ന ഗര്‍ഭധാരണം ശസ്ത്രക്രിയയിലൂടെ അവസാനിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ശസ്ത്രക്രിയക്കു ശേഷം രണ്ടു തവണ അടിവയര്‍ വേദനയുമായി ഡോക്ടറെ സമീപിച്ചപ്പോഴും കാരണം കണ്ടെത്താനോ ചികത്സ നല്‍കാനോ ഡോക്ടര്‍ ക്കായില്ല.  പാന്‍ക്രിയാസിന്  ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് ഗര്‍ഭാവസ്ഥ ഒഴിവാക്കുന്നതിന്  ഗൈനക്കോളജിസ്റ്റായ  ഡോക്ടറെ പരാതിക്കാരി സമീപിച്ചത്.
എന്നാല്‍ ശസ്ത്രക്രിയ ആവശ്യമായി വന്ന സാഹചര്യത്തിനനുസരിച്ച് മതിയായ ശ്രദ്ധയോടെ ചികിത്സ നല്‍കുന്നതില്‍ ഡോക്ടര്‍ വീഴ്ച വരുത്തിയതിനാലാണ് കമ്മീഷന്‍ നഷ്ടപരിഹാരം വിധിച്ചത്. മെഡിക്കല്‍ സയന്‍സ് അനുശാസിക്കും വിധം ശസ്ത്രക്രിയ നടത്തിയെന്നും ഇത്തരത്തിലുള്ള ശസ്ത്രക്രിയകള്‍ക്ക് ശേഷവും ഗര്‍ഭധാരണം ഉണ്ടാവാറുണ്ടെന്ന ഡോക്ടറുടേയും ആശുപത്രിയുടേയും  വാദം കമ്മീഷന്‍ അംഗീകരിച്ചില്ല. കുട്ടിയുടേയും അമ്മയുടേയും ജീവന്‍ പോലും അപകടത്തിലാണെന്ന കാരണത്താല്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഉണ്ടായിരിക്കേണ്ട ശ്രദ്ധയും സേവനവും ഡോക്ടറുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

error: Content is protected !!