ലണ്ടനിലേക്ക് സൈക്കിള്‍ യാത്രയുമായി ഫായിസ് അഷ്റഫ്

തേഞ്ഞിപ്പലം: കേരളത്തില്‍ നിന്ന് ലണ്ടനിലേക്ക് സൈക്കിള്‍ സവാരി നടത്തുന്ന ഫായിസ് അഷ്റഫിന് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ സ്വീകരണം നല്‍കി. സ്വാതന്ത്ര്യദിനത്തില്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ഫായിസ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടാണ് യാത്ര തുടരുന്നത്. 35 രാജ്യങ്ങളിലൂടെ മുപ്പതിനായിരം കി.മീ. സഞ്ചരിച്ച് 450 ദിവസം കൊണ്ടാണ് ഇദ്ദേഹം ലണ്ടനില്‍ എത്തുക. സര്‍വകലാശാലാ ഭരണകാര്യലയത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് എന്നിവര്‍ ഫായിസിനെ വരവേറ്റു. എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി, സര്‍വകലാശാലാ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശിയാണ് ഫായിസ്. ഭാര്യ ഡോ. അസ്മിന്‍ ഫായിസ് മംഗലാപുരം വരെ ഇദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ആരോഗ്യസംരക്ഷണം, ലോകസമാധാനം, സീറോ കാര്‍ബണ്‍ തുടങ്ങിയവയാണ് യാത്രയുടെ മുദ്രാവാക്യം. യാത്രാ വിശേഷങ്ങള്‍ കാമ്പസ് റേഡിയോയുമായി പങ്കുവെയ്ക്കാനും ഫായിസ് സമയം കണ്ടെത്തി.

error: Content is protected !!