വ്യാജപുരാവസ്തു തട്ടിപ്പ് കേസ്; കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറസ്റ്റില്‍

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാവിലെ 11മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട് വരെ നീണ്ടു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി നിര്‍ദേശമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടും. കെ സുധാകരന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതിനാല്‍ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യത്തില്‍ വിടുക.

മോന്‍സന്‍ ഒന്നാം പ്രതിയായ കേസിലെ രണ്ടാം പ്രതിയാണു സുധാകരന്‍. സുധാകരനെ ചോദ്യം ചെയ്യും മുമ്പ് പരാതിക്കാരായ യാക്കൂബ്, ഷമീര്‍, അനൂപ് അഹമ്മദ് എന്നിവരില്‍ നിന്ന് അന്വേഷണ സംഘം മൊഴി എടുത്തിരുന്നു. ഗള്‍ഫിലെ രാജകുടുംബത്തിനു വിശേഷപ്പെട്ട പുരാവസ്തുക്കള്‍ വിറ്റ ഇനത്തില്‍ മോന്‍സനു കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചതായി പരാതിക്കാരെ മോന്‍സന്‍ വിശ്വസിപ്പിച്ചെന്നാണു പരാതിയില്‍ പറയുന്നത്. വിദേശത്ത് നിന്നുള്ള രണ്ടര ലക്ഷം കോടി കൈപറ്റാന്‍ ദില്ലിയില്‍ പണം ചെലവഴിക്കണമെന്നും ഇതിനായി കെ സുധാകരന്‍ ഇടപെടുമെന്നും വിശ്വസിച്ചാണ് പരാതിക്കാരില്‍ നിന്ന് മോന്‍സന്‍ മാവുങ്കല്‍ പണം കൈപ്പറ്റിയത്. 25 ലക്ഷം രൂപയാണ് ഇവര്‍ മോന്‍സന്‍ മാവുങ്കലിന് നല്‍കിയത്. പണം നല്‍കുമ്പോള്‍ മോന്‍സനൊപ്പം കെ സുധാകരന്‍ ഉണ്ടായിരുന്നെന്നാണ് പരാതി. മോന്‍സന്‍ മാവുങ്കല്‍, കെ സുധാകരന് പത്ത് ലക്ഷം രൂപ നല്‍കിയതായി മോന്‍സന്റെ ജീവനക്കാരും മൊഴി നല്‍കിയിരുന്നു. 2018 നവംബര്‍ 22നു കൊച്ചി കലൂരിലെ മോന്‍സന്റെ വീട്ടില്‍വച്ചു സുധാകരന്‍ ഡല്‍ഹിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു നേരിട്ട് ഉറപ്പു നല്‍കിയെന്നും ഈ വിശ്വാസത്തിലാണു മോന്‍സനു പണം നല്‍കിയതെന്നാണു പരാതിക്കാരുടെ ആരോപണം.

2021 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ട് വര്‍ഷത്തിനിപ്പുറം തന്നെ പ്രതിയാക്കുന്നത് രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. കോടതിയിലും ഈ വാദം അദ്ദേഹം ആവര്‍ത്തിച്ചു. മോന്‍സനെ ക്രൈംബ്രാഞ്ച് സംഘം ഭീഷണിപ്പെടുത്തുന്നു, അന്വേഷണത്തോട് സഹകരിക്കാമെന്നും സുധാകരന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

error: Content is protected !!